സീരിയസാവല്ലേ.... പല സീരിയലുകളും കണ്ടാല്‍ തോന്നും നാട്ടിലാകെ കുടുംബകലഹവും
അവിഹിതവുമാണെന്ന്. മനുഷ്യരെല്ലാം പ്രതികാരദാഹവുമായി നടക്കുന്നവരാണെന്ന്.
സീരിയലുകളുണ്ടാക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇവ വെറും കഥകള്‍ മാത്രമാണെന്ന്
മനസ്സിലാക്കാതെ ടെന്‍ഷനടിക്കുന്നവരും ഏറെ. നെല്ലും പതിരും തിരിച്ചറിയാതെ
പകര്‍ത്തി വെക്കുന്ന കുട്ടികളും...
രണ്ടുവര്‍ഷം മുമ്പ്. അയല്‍പക്കത്തെ ആന്റി കൊച്ചുമകനെയും കൊണ്ട് സുഖാന്വേഷണത്തിന് വന്ന സമയം. രണ്ടു വയസ്സുകാരന്‍ അച്ചുക്കുട്ടന്‍ 'അച്ഛന്‍, അമ്മ' എന്നൊക്കെ പറഞ്ഞുതുടങ്ങുന്നതേ ഉള്ളൂ. 'മോളേ ഒരു രസം കേള്‍പ്പിക്കാം' എന്നു പറഞ്ഞ് ആന്റി കൊച്ചിനോടൊരു ചോദ്യം: 'എടാ അച്ചൂ, തോബിയാസിനെ കൊന്നത് ആരാടാ?' ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പേ വന്നു മറുപടി: 'ഗോരി' (ഗ്ലോറി).
ആ സമയത്ത് ഒരു ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഒരു മെഗാ പരമ്പരയിലെ കഥാപാത്രങ്ങളായിരുന്നു ഗ്ലോറിയും തോബിയാസും. സീരിയലുകള്‍ കാണുന്നത് അമ്മൂമ്മയോ, അമ്മയോ, ആരായാലും ഇതെല്ലാം കണ്ടും കേട്ടും ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട്. സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് 'സീരിയലുകളുടെ ഇതിവൃത്തങ്ങള്‍'. അതെല്ലാം കഴിഞ്ഞും 'നമ്മളെത്ര കുളിരു കണ്ടതാ' എന്ന ഭാവത്തില്‍ സീരിയലുകള്‍ ജൈത്രയാത്ര തുടരുന്നു. 90 ശതമാനം വീടുകളിലും വൈകീട്ട് 6.30 മുതല്‍ 11 വരെയെങ്കിലും സീരിയലുകളുടെ ആധിപത്യമാണെന്നതില്‍ സംശയമില്ല. ദിനചര്യകളെല്ലാം തന്നെ അതിനൊപ്പിച്ച് ട്യൂണ്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.
അന്യഭാഷയ്ക്കും ഡിമാന്‍ഡ് തന്നെ
രാമാനന്ദ് സാഗറിന്റെ രാമായണവും ശ്രീകൃഷ്ണയും ചന്ദ്രകാന്തയുമെല്ലാം ആരാധനയോടെ നോക്കിക്കണ്ടവരാണ് മലയാളികള്‍. അവ മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയപ്പോള്‍ ഇരു കൈയും നീട്ടി നമ്മള്‍ സ്വീകരിച്ചു. ഇന്നും മൊഴിമാറ്റം ചെയ്ത് എത്തുന്ന പരമ്പരകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ട്. എന്നാല്‍, അതിന്റെ ചുവടുപിടിച്ച് ഉച്ച നേരങ്ങളിലും വൈകീട്ടുമൊക്കെ 'ഗ്യാപ്പ് ഫില്ലറുകളായി' തമിഴ്, ഹിന്ദി സീരിയലുകള്‍ എത്തിയതോടെ അന്യഭാഷാ സീരിയലുകളെ സ്വീകരിക്കുന്നതിനു മുമ്പ് മലയാളി രണ്ടുവട്ടം ചിന്തിക്കും എന്ന അവസ്ഥയെത്തി. 'എനിക്കിതായാലും മതി' എന്നു കരുതുന്ന കുറച്ചുപേര്‍ അതിനും ആരാധകരായി. അത് വേറെ കാര്യം.
മാറിച്ചിന്തിക്കുന്ന യുവ തലമുറ
സീരിയലുകളുടെ അതിപ്രസരത്തെ എതിര്‍ക്കുന്നവരാണ് യുവതലമുറക്കാര്‍. ആ സമയത്ത് വല്ല ടോക് ഷോകളോ, സഞ്ചാരകഥകളോ, സിനിമകളോ കണ്ടുകൂടേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. 'ആദ്യോക്കെ കോളേജ് വിട്ടാല്‍ നേരെ വീട്ടില്‍ ചെല്ലുമായിരുന്നു. സന്ധ്യയായാ തൊടങ്ങും അമ്മച്ചി സീരിയലു കാണാന്‍. അപ്പനും കൂടും. തീരണ വരെ നമ്മള്‍ മിണ്ടാന്‍ പാടില്ല. അതു കാരണം ഇപ്പോ ഫ്രണ്ട്സിന്റെ കൂടെ കൊറേ കറങ്ങീട്ടേ വീട്ടിപ്പോകാറുള്ളൂ. വെറുതേ അവിടെപ്പോയി പോസ്റ്റ് ആവണ്ടല്ലോ' -കൊച്ചിക്കാരന്‍ ഷഹനാസിന്റെ അഭിപ്രായമാണ്. സീരിയല്‍ സമയം കഴിയുന്നതു വരെ എവിടെങ്കിലും കറങ്ങിനടക്കാന്‍ ആണ്‍കുട്ടികള്‍ക്ക് പറ്റും. എന്നാല്‍ പെട്ടുപോകുന്നത് പാവം പെണ്‍കുട്ടികളാണ്. അതിന് അവരുടെ കൈയില്‍ ഉള്ള പ്രതിവിധി മൊബൈലും. കൂട്ടുകാരിയുമൊക്കെയായി ഗ്രൂപ്പ് എസ്.എം.എസിനും വാട്സാപ്പിനും അത്യാവശ്യം സൊള്ളലിനുമൊക്കെ അവരീ സമയം ഉപയോഗിക്കും. സീരിയലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഭക്ഷണം കിട്ടണമെങ്കില്‍ പരസ്യം വരണം എന്ന ഗതികേടിലാണ് പല വീടുകളിലും. പരമ്പര തുടങ്ങിയാല്‍പ്പിന്നെ പരസ്യമായാലേ അമ്മയ്ക്കും അച്ഛനും ചെവികേള്‍ക്കൂ എന്നു പറയുന്ന കുട്ടികളും കുറവല്ല.
സ്ത്രീകളുടെ മാത്രം ഏരിയ അല്ല
മെഗാ പരമ്പരകള്‍ കാണുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇതിനെ 'പുച്ഛ'ത്തോടെ വീക്ഷിക്കുന്ന പുരുഷപ്രജകളില്‍ ചെറിയൊരു പക്ഷവും സീരിയലുകള്‍ക്ക് അടിമകള്‍ തന്നെയാണ്. ഭാര്യക്ക് ഒരു കമ്പനി കൊടുക്കാന്‍, മറ്റു ചാനലുകള്‍ കാണാന്‍ നിര്‍വാഹമില്ലാത്തതിനാല്‍, അടുപ്പിച്ച് മൂന്നുദിവസം കണ്ടപ്പോള്‍ നാലാംദിനം എന്തായെന്നറിയാന്‍... പുരുഷന്മാര്‍ സീരിയല്‍ കാണുന്നതിന്/ കാണേണ്ടിവരുന്നതിന് കാരണങ്ങള്‍ ഏറെയാണ്. സ്ത്രീകളായാലും ആണുങ്ങളായാലും മെഗാ പരമ്പരകള്‍ മുടങ്ങാതെ കാണുന്നതില്‍ വലിയൊരു ശതമാനം ആളുകളും പ്രായമായവരാണ്. റിട്ടയേര്‍ഡ് ലൈഫ് എന്‍ജോയ്മെന്റിന്റെ ഭാഗം. ആയകാലത്ത് ഓടിനടന്ന് പണിയെടുത്തതല്ലേ, ഇനി അവരുടെ ഇഷ്ടത്തിന് എതിരു നില്‍ക്കേണ്ട എന്ന് മക്കളും മരുമക്കളും കരുതും.
രുദ്രനെക്കൊണ്ട് തോറ്റു!
ഒരു രുദ്രന്‍ ഉണ്ടാക്കി വെച്ച പൊല്ലാപ്പുകള്‍ കേരളത്തില്‍ കെട്ടടങ്ങുതേ ഉള്ളൂ. 'എന്നാലും ആ ഇത്തിരിയില്ലാത്ത കൊച്ചിനേം കൊണ്ട് ശാലിനിമോള്‍ എന്നാ ചെയ്യുമെടാ...' എന്നു പറഞ്ഞ് ഭക്ഷണം പോലും ഇറങ്ങാതെ അസ്വസ്ഥരായ എത്രയോ അമ്മമാരുണ്ട്. അവര്‍ക്കറിയാം അത് അഭിനയമാണ്, സീരിയലാണ് എന്നൊക്കെ. എന്നാല്‍ ലോകത്തെവിടെയോ ഇങ്ങനൊന്ന് സംഭവിക്കുന്നുണ്ടാവില്ലേ എന്ന ചിന്ത, തങ്ങളുടെ പരിചയത്തില്‍ ഉള്ള ആരോടോ ഉള്ള സമാനത ഇവയെല്ലാമാണ് നമ്മുടെ സ്ത്രീകളെ സീരിയല്‍ നായികമാരോട് ഇത്രയ്ക്ക് അടുപ്പിക്കുന്നത്.
'റിമോട്ട്' ചൈല്‍ഡ്
കുട്ടികള്‍ക്കായി പ്രോഗ്രാമുകളും സീരിയലുകളും എന്തിന്, ചാനലുകള്‍ പോലും വന്നു തുടങ്ങിയപ്പോഴാണ് പ്രശ്‌നം രൂക്ഷമാവാന്‍ തുടങ്ങിയത്. റിമോട്ടിന് വേണ്ടി അടിയാവുമെന്ന് മാത്രമല്ല, ചില 'മലയാലം' പരിഭാഷകളിലെ ഭാഷ കുട്ടികള്‍ അതേ പോലെ അനുകരിക്കുന്നുണ്ട്.
ഏതാണ് ശുദ്ധ മലയാളം എന്നത് തിരിച്ചറിയാന്‍ പറ്റാത്ത സമൂഹത്തെയാണ് ഇത്തരം പരിഭാഷപ്പെടുത്തിയ സീരിയലുകള്‍ സൃഷ്ടിക്കുന്നത്.
പക്ഷേ, അമ്മമാര്‍ ഈ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ വൈകുന്നുവെന്നതാണ് പ്രധാന കുഴപ്പം.
പുരാണ കഥകളും ഐതിഹ്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആളില്ലാതായപ്പോള്‍ കൃഷ്ണനും ഭീമനും ഗണപതിയുമെല്ലാം കുട്ടിക്കുറുമ്പന്മാര്‍ക്ക് വഴികാട്ടാനായി ചാനലുകളിലെത്തുന്നുണ്ട്. ഇത്തരം സീരിയല്‍ കഥാപാത്രങ്ങള്‍ക്ക് അടിമകളാണ് കുട്ടികള്‍ പലരും.
'കുട്ടികള്‍ എന്നും രാവിലെ പല്ല് തേയ്ക്കണം എന്ന് 'ഛോട്ടാ ഭീമിനെക്കൊണ്ട് പറയിപ്പിക്കാന്‍ പോഗോ ചാനലിന് മെയില്‍ അയയ്ക്കുന്ന കാര്യം വരെ ഞാന്‍ ആലോചിച്ചിരുന്നെന്നാണ് ചളിക്കവട്ടം സ്വദേശിയായ അനു പറയുന്നത്. ഛോട്ടാ ഭീമിന്റെ പേരില്‍ കുട്ടികള്‍ ലഡു തിന്നാന്‍ താത്പര്യം കാട്ടുന്നു. അതു വല്ല പാല് കുടിക്കാനും ആയിരുെന്നങ്കില്‍ എന്നാണത്രേ അമ്മമാരുടെ മനസ്സിലിരിപ്പ്.
അമ്മായിയമ്മ Vs മരുമകള്‍ അവിഹിതം/ കാണാതാകല്‍
ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന 70 ശതമാനം പരമ്പരകളുടെയും ഇതിവൃത്തം ഇവയൊക്കെ തന്നെ ആണ്. നമ്മുടെ 'സുപ്രസിദ്ധ നോവലിസ്റ്റ് സാഗര്‍ കോട്ടപ്പുറ' ത്തിന്റെ ഭാഷ കടമെടുത്താല്‍ 'പണക്കാരിയായ കാമുകി, കൂലിവേലക്കാരനായ കാമുകന്‍, വില്ലന്‍ കാമുകിയുടെ അച്ഛന്‍... അടുത്തതില് കാമുകന്‍ പണക്കാരന്‍...' .
അതുപോലെ ഭയങ്കരിയായ അമ്മായിയമ്മ, പാവം മരുമകള്‍, അഹങ്കാരി നാത്തൂന്‍... പിന്നെ, പാവം അമ്മായിയമ്മ, ഭയങ്കരിയായ മരുമകള്‍... കാണാതാവുന്ന കുട്ടി, വഴിവിട്ട ബന്ധങ്ങള്‍, അതിലൊരു കുട്ടി... ഇതൊക്കെ തിരിച്ചും മറിച്ചും. മിനിമം രണ്ടു വര്‍ഷമെങ്കിലും ഓടുമെന്നതിനാല്‍ മേമ്പൊടിക്ക് അല്‍പ്പം സമകാലീനവും ചേര്‍ത്തങ്ങട് വിളമ്പും. കുറേ ദിവസം ഒരു ചാനലില്‍ കണ്ട സീരിയല്‍ പെട്ടെന്നൊരു സായന്തനത്തില്‍ മറ്റൊരു ചാനലില്‍ മറ്റൊരു പേരിലും ചിലപ്പോള്‍ കണ്ടേക്കാം.
കഥാപാത്രങ്ങള്‍ സെയിം, കഥയും സെയിം. മിക്കവാറും സമയവും അതു തന്നെയാവും. ചാനല്‍ മാത്രം മാറും. 'കഥയില്‍ ചോദ്യമില്ലല്ലോ.
ക്ലാസ് റൂമുകളിലും
രണ്ടുവര്‍ഷം മുമ്പ് കൊച്ചിയിലെ ഒരു പ്രൈവറ്റ് സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ ക്ലാസ്സെടുക്കാന്‍ പോയ ചെറുപ്പക്കാരിയായ അധ്യാപിക കരഞ്ഞുകൊണ്ടാണ് സ്റ്റാഫ് റൂമിലേക്ക് വന്നത്. കുട്ടികള്‍ കൂട്ടംകൂടി കളിയാക്കുന്നു എന്നതായിരുന്നു പ്രശ്‌നം.
തലേദിവസം ഒരു സീരിയലിലെ കുട്ടികള്‍ ഭയങ്കരിയായ 'മിസ്സിനെ' പാഠം പഠിപ്പിക്കാന്‍ നടത്തിയ അടവുകളാണ് ഇവിടെയും പ്രയോഗിച്ചത്. പക്ഷേ, സീരിയലിലെ മിസ് കരഞ്ഞില്ല
ല്ലോ എന്ന കുട്ടികളുടെ മറുപടി കേട്ട് പ്രധാനാധ്യാപിക മൂക്കത്ത് വിരല്‍വെച്ചുപോയി. പിറ്റേദിവസം തന്നെ പി.ടി.എ. മീറ്റിങ്ങില്‍ ഇക്കാര്യം പറയുകയും ചെയ്തു.
ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍... കുട്ടികള്‍ കാണുന്നില്ല, അവര്‍ക്ക് മനസ്സിലാവുന്നില്ല എന്നു കരുതി ആസ്വദിക്കുമ്പോള്‍ ഓര്‍ക്കുക, അവര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടാവും.
അവര്‍ പലതും കാണുകയും കേള്‍ക്കുകയും മനസ്സില്‍ സ്റ്റോര്‍ ചെയ്ത് സന്ദര്‍ഭത്തിനനുസരിച്ച് പ്രയോഗിക്കുകയും ചെയ്തേക്കാം.
സെന്‍സര്‍ ചെയ്യേണ്ടത് അത്യാവശ്യം
പരമ്പരകളെ ഒരിക്കലും ജീവിതവുമായി താരതമ്യപ്പെടുത്തരുത്. അവയെ കഥകളായിത്തന്നെ കാണാന്‍ കഴിയണം. ഇതു തന്റെ ജീവിതം പോലുണ്ടല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍, സീരിയലിലെ നായികയുടെ അവസ്ഥയാണ് തന്റേതെന്ന് കരുതിയാല്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയേ ഉള്ളൂ. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ സീരിയലുകളില്‍ കാണിക്കുന്ന പരിഹാരങ്ങള്‍ അനുകരിക്കുകയുമരുത്. ചലച്ചിത്രങ്ങളിലെപ്പോലെ സീരിയലുകള്‍ക്കും ഒരു സെന്‍സറിങ് അത്യാവശ്യമാണ്. കുടുബത്തിലെ മുഴുവന്‍ അംഗങ്ങളും നേരിട്ടോ അല്ലാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. എല്ലാവര്‍ക്കും യോജിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും രംഗങ്ങളുമാണെന്ന് ഉറപ്പു വരുത്തണം.
ഇവ ശ്രദ്ധിക്കാം
പരമ്പരകളെക്കാള്‍ വിലപ്പെട്ടതാണ് കുടുംബവുമൊന്നിച്ച് സമയം ചെലവിടുക എന്നത്.
ഒന്നോ രണ്ടോ പരമ്പരകള്‍. അതിനപ്പുറം കാണില്ലെന്ന് കൂട്ടായി തീരുമാനിക്കാം.
വാര്‍ത്തകള്‍ക്കും ടോക് ഷോകള്‍ക്കും സീരിയലുകളെക്കാള്‍ വിജ്ഞാനപ്രദമാകാന്‍ കഴിയും.
കുട്ടികളെ തെറ്റായ വിധത്തില്‍ സ്വാധീനിക്കുന്ന പരമ്പരകള്‍ വേണ്ടെന്ന് വെയ്ക്കുക.
പരമ്പരയെയും ജീവിതത്തെയും കൂട്ടിക്കുഴയ്ക്കാതിരിക്കുക.
ദിവസവും വൈകീട്ട് ഒരു മണിക്കൂറെങ്കിലും കുടുബാംഗങ്ങള്‍ ടി.വി.യ്ക്ക് അവധികൊടുത്ത് സംസാരത്തിന് സമയം കണ്ടെത്താം.
വെക്കേഷന്‍ സമയമാണെന്നു കരുതി കുട്ടിയെ സീരിയല്‍ കാണാന്‍ അനുവദിക്കേണ്ട. സ്‌കൂള്‍ തുറന്നാലും സീരിയല്‍ തുടരും, കുട്ടി അഡിക്റ്റ് ആവുകയും ചെയ്യും. പകരം യാത്രാവിവരണങ്ങള്‍, കുക്കറി ഷോകള്‍, സിനിമകള്‍, സംവാദങ്ങള്‍ എന്നിവ കാണാന്‍ പ്രോത്സാഹിപ്പിക്കാം.