കണ്‍മണി പൊന്‍മണിയെ...
ആദ്യകരച്ചില്‍ ഒരല്‌പം വൈകിയാല്‍ , ആവശ്യത്തിനു പാല്‍ കുടിക്കാതെ വന്നാല്‍, കമിഴാന്‍ വൈകിയാല്‍, മുട്ടിലിഴിഞ്ഞു നടക്കാതിരുന്നാല്‍.. ഇങ്ങനെ ആശങ്കകളുടെ ഒരു പര്‍വ്വതം തന്നെ അമ്മമാരുടെ മനസ്സിലുണ്ടാകും. കുഞ്ഞിന്റെ തൂക്കം, പൊക്കം, വളര്‍ച്ച, മാറ്റങ്ങള്‍, ഇവയൊക്കെ മനസ്സിലാക്കാം..
ഏതൊരു സ്‌ത്രീയുടെയും ലോകം മാറിമറിയുന്നത് കണ്‍മണിയുടെ വരവോടെയാണ്. അന്നു വരെ കാണാത്ത കാഴ്‌ചകള്‍, ശ്രദ്ധിക്കാത്ത ശബ്‌ദങ്ങള്‍...എന്നു വേണ്ട ചുറ്റുമുള്ള ലോകം അമ്മയ്‌ക്കും കുഞ്ഞിനും ഒരുപോലെ പുതുതാണ്.
കുഞ്ഞു മിഴി ചിമ്മുന്നതും പാല്‍ കുടിക്കുന്നതും ഓരോ ദിവസങ്ങളിലും കുഞ്ഞ് വളരുന്നതും, മാറ്റം വരുന്നതും ആകാംക്ഷയോടെ നോക്കിയിരിക്കാത്ത അമ്മമാര്‍ ഉണ്ടാവില്ല. ആകാംക്ഷയുണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെ ആശങ്കയുണ്ടാകുമെന്നത് ലോകസഹജം.
ആദ്യകരച്ചില്‍ ഒരല്‌പം വൈകിയാല്‍, ആവശ്യത്തിനു പാല്‍ കുടിക്കാതെ വന്നാല്‍, കമിഴാന്‍ വൈകിയാല്‍, മുട്ടിലിഴഞ്ഞു നടക്കാതിരുന്നാല്‍... ഇങ്ങനെ ആശങ്കകളുടെ ഒരു പര്‍വ്വതം തന്നെ അമ്മമാരുടെ മനസ്സിലുണ്ടാകും.
അതിന്റെയൊപ്പം ബന്ധുമിത്രാധികളില്‍ ആരെങ്കിലുമൊരു 'കമന്റ്' കൂടി പറഞ്ഞാല്‍ പിന്നെ അമ്മയുടെ മനസ്സ് തീച്ചുളയില്‍ ഉരുകും. തെറ്റായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ചെവി കൊടുത്ത് ആശങ്കപ്പെടുന്നതിലും മെച്ചം ഇതൊക്കെ മുന്‍കൂട്ടി അറിഞ്ഞു വയ്‌ക്കുന്നതല്ലേ... കുഞ്ഞിന്റെ തൂക്കം, പൊക്കം, വളര്‍ച്ച, മാറ്റങ്ങള്‍, പ്രത്യേകം ശ്രദ്ധിക്കേണ്ടവ ഇവയൊക്കെ മനസ്സിലാക്കാം..
കുഞ്ഞുമാറ്റങ്ങള്‍1. മൂന്നാഴ്‌ച പ്രായമാകുമ്പോള്‍ തന്നെ നോക്കി സംസാരിക്കുന്ന അമ്മയെ കുഞ്ഞ് ശ്രദ്ധിച്ചു തുടങ്ങും.
2. ഒരു മാസത്തിനും ഒന്നരമാസത്തിനും ഇടയില്‍ അമ്മയെ നോക്കി ചിരിക്കും.
3. രണ്ടു മാസത്തോടെ കുഞ്ഞിന്റെ തൊട്ടടുത്തു കാട്ടുന്ന നിറമുള്ള വസ്‌തുക്കളെ മാറിമാറി നോക്കും.
4. മൂന്നു മാസമാകുന്നതോടെ അമ്മയെ തിരിച്ചറിയുകയും, ചിരിക്കുകയും ശബ്‌ദമുണ്ടാക്കുകയും ചെയ്യും.
5. ആറാം മാസത്തില്‍ കൈതാങ്ങി നിലത്തിരിക്കും
6. ഏഴാം മാസത്തില്‍ സഹായമില്ലാതെ ഇരിക്കും.
7. എട്ടാം മാസത്തോടെ ഇഴയാന്‍ ആരംഭിക്കും.
8. ഒന്‍പതാം മാസമാകുമ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കും.
9. പത്താം മാസത്തില്‍ പിടിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കും.
10. ഒരു വയസാകുമ്പോള്‍ സഹായമില്ലാതെ അല്‌പനേരം എഴുന്നേറ്റ് നില്‍ക്കാനാകും.
11. പതിനൊന്നു മാസത്തിനും പതിനഞ്ചുമാസത്തിനും ഇടയില്‍ പരസഹായമില്ലാതെ നടക്കാന്‍ പഠിക്കും.
12. പതിനഞ്ചുമാസം കഴിയുമ്പോള്‍ കുട്ടി കോണിപ്പടികള്‍ ഇഴഞ്ഞ് കയറാന്‍ ശ്രമിക്കും.
13. ഒന്നരവയസില്‍ ചായപ്പെന്‍സില്‍കൊണ്ട് കുത്തിക്കുറിക്കും.
14. രണ്ടു വയസില്‍ നെടുകെയും കുറുകെയുമുള്ള വരയിടാനാവും. മൂന്നുവയസില്‍ വൃത്തം വരയ്‌ക്കാന്‍ തുടങ്ങും.
15. മൂന്നു വയസിനും നാലു വയസിനുമിടയില്‍ ഒരാളുടെ തലയും കൈകാലുകളും വരയ്‌ക്കാനാകും.
ഈ പറഞ്ഞതിലെല്ലാം ചെറിയ വ്യത്യാസം മുമ്പോട്ടോ പുറകോട്ടോ ഉണ്ടാവാം. എന്നാല്‍ ഒന്നരവയസായിട്ടും നടക്കാത്ത കുട്ടിയെ ഡോക്‌ടറെ കാണിച്ച് പരിശോധിപ്പിക്കണം.
ഒന്നു മുതല്‍ മൂന്നു മാസം വരെ പ്രായമായ കുഞ്ഞ്
ഓരോ മാസവും 700 ഗ്രാം മുതല്‍ 900 ഗ്രാം വരെ തൂക്കം വര്‍ധിക്കും. നാല് മാസം പൂര്‍ത്തിയാകുമ്പോഴേക്കും കൈകുത്തി തലയുയര്‍ത്താനാകും. ഇതോടെ കഴുത്തിന്റെ ബലം വര്‍ധിച്ചുതുടങ്ങും. കൈവിരലുകള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യും. കൈ വായിലേക്ക് കൊണ്ടുവരും.
ചെറിയ സാധനങ്ങള്‍ കൈയില്‍ പിടിക്കും. അടുത്തുനില്‍ക്കുന്നവരുടെ മുഖത്തുനോക്കും. ചലിക്കുന്ന വസ്‌തുക്കളെ മാറി മാറി നോക്കും. ശബ്‌ദം കേള്‍ക്കുന്നിടത്തേക്ക് തലതിരിച്ചു നോക്കും. മറ്റുള്ളവരെ നോക്കി ചിരിക്കും. കളിയും കളിപ്പിക്കലും ഇഷ്‌ടപ്പെടും.
നാലു മുതല്‍ ഏഴുമാസം വരെ
വശങ്ങളിലേക്ക് ഉരുണ്ടുമറിയുന്നു. ആദ്യം പിടിച്ചും പിന്നീട് പിടിക്കാതെയും ഇരിക്കുന്നു. തുടര്‍ന്ന് കാലില്‍ ശരീരത്തിന്റെ ബലം കൊടുക്കുന്നു. ഒരു കൈയില്‍നിന്ന് അടുത്ത കൈയിലേക്ക് സാധനങ്ങള്‍ മാറ്റുന്നു. പേരു വിളിക്കുമ്പോള്‍ ശ്രദ്ധിക്കുന്നു.
വേണ്ടെന്ന് തലകൊണ്ട് ആംഗ്യം കാണിക്കുന്നു. ശബ്‌ദം കേട്ട് തിരിച്ച് ശബ്‌ദമുണ്ടാക്കുന്നു. സന്തോഷവും വിഷമവും ശബ്‌ദംകൊണ്ട് അറിയിക്കുന്നു. അടുത്തുള്ളവരുമായി കളിക്കുവാന്‍ ഇഷ്‌ടപ്പെടുന്നു. കണ്ണാടിയിലെ പ്രതിരൂപം ഇഷ്‌ടപ്പെടുന്നു.
എട്ടു മുതല്‍ 12 മാസം വരെ
പേരു വിളിക്കുമ്പോള്‍ സഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നു. വയര്‍ നിലത്തുറപ്പിച്ചിഴയുന്നു. കൈയും കാല്‍മുട്ടും കുത്തി ഇഴയുന്നു. മെല്ലെ പിടിച്ചെഴുന്നേറ്റു നില്‍ക്കുന്നു. അല്‌പനേരം പിടിക്കാതെ നില്‍ക്കുന്നു. രണ്ടുമൂന്നു ചുവട്‌തനിയെ നടക്കുന്നു. സംസാരിക്കാന്‍ ശ്രമിക്കുന്നു.
അമ്മ, അച്‌ഛ പറയുന്നു, വാക്കുകള്‍ കേട്ട് ഉച്ചരിക്കുന്നു. കൈയിലുള്ളവ കുലുക്കുകയും നിലത്തെറിയുകയും ചെയ്യുന്നു. ആംഗ്യങ്ങള്‍ അനുകരിക്കുന്നു.
പാലോ വെള്ളമോ ഗ്ലാസില്‍നിന്നും കുടിക്കാന്‍ ശീലിക്കുന്നു. തലചീകുന്നു. ഫോണ്‍ ഡയല്‍ ചെയ്യുന്നു. അപരിചിതരുടെ മുമ്പില്‍ വിതരണവും ഉത്‌കണ്‌ഠയും പ്രകടിപ്പിക്കുന്നു.
അച്‌ഛനോ അമ്മയോ വിട്ടുപോകുമ്പോള്‍ കരയുന്നു. മറ്റുള്ളവരെ അനുകരിക്കുന്നു. പേടിച്ച് കരയുന്നു. വിരലുകള്‍കൊണ്ട് ആഹാരമെടുത്ത് കഴിക്കുന്നു. വസ്‌ത്രങ്ങളിടാന്‍ സ്വയം സഹായിക്കുന്നു.
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്അപകടകാരികളായ മിക്ക രോഗങ്ങളും കുട്ടികള്‍ക്ക് വരാതിരിക്കാന്‍ കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവയ്‌പുകള്‍ സഹായിക്കും. അച്‌ഛനമ്മമാര്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് യഥാവിധി നല്‍കുന്നതില്‍ യാതൊരു ഉപേക്ഷയും വരുത്തരുത്.
നിശ്‌ചയിച്ചിട്ടുള്ള സമയത്തുതന്നെ അവ നല്‍കിയിരിക്കണം. ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഡോക്‌ടറോട് ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കണം.
വാക്‌സിനുകള്‍1. ബി.സി.ജി.
ഇന്ത്യയിലിന്നും അസംഖ്യം ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്ന രോഗമാണ് ക്ഷയം. ക്ഷയരോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിനാണ് ബി.സി.ജി. ആദ്യം തന്നെ ഇടത്തെ കൈയുടെ മുകളില്‍ ഒറ്റപ്രാവശ്യം ചെയ്യുന്ന വാക്‌സിനാണിത്. കുത്തിവയ്‌പിനെ തുടര്‍ന്ന് പനിയോ വേദനയോ ഒന്നും ഉണ്ടാകാറില്ല.
ഒന്നരമാസത്തിനുള്ളില്‍ മരുന്ന് കുത്തിയ ഭാഗത്ത് ചെറിയ തടിപ്പ് പൊന്തിനില്‍ക്കും.ഏകദേശം മൂന്നുനാല് മാസം കഴിയുമ്പോള്‍ തൊലിയിലെ ഈ ചെറിയ തടിപ്പ് മാഞ്ഞ് പോകാം. കുത്തിവയ്‌പ് കഴിഞ്ഞ് രണ്ട് മാസമായിട്ടും കുത്തിവച്ച ഭാഗത്ത് തടിപ്പോ വീക്കമോ ഉണ്ടാകുന്നില്ലെങ്കില്‍ വിവരം ഡോക്‌ടറോട് പറയണം.
കുത്തിവയ്‌പ് വിജയപ്രദമാണോ എന്ന് ഡോക്‌ടര്‍ വിലയിരുത്തേണ്ടിവരും. ചില കുട്ടികള്‍ക്ക് ഇടത്തേ കക്ഷത്തോ കഴുത്തിലോ ഗ്രന്ഥിവീക്കം ഉണ്ടാകാം. ഇതിന് ആഴ്‌ചകളോളം ചികിത്സ വേണ്ടിവരും.
2. ഡി.പി.റ്റി (ട്രിപ്പിള്‍ ആന്റിജന്‍)
ഡിഫ്‌ത്തീരിയ, വില്ലന്‍ചുമ, കുതിരസന്നി എന്നീ മാരകരോഗങ്ങളെ ചെറുക്കാനാണ് ട്രിപ്പിള്‍ ആന്റിജന്‍ എടുക്കുന്നത്. കുത്തിവയ്‌പ് കഴിഞ്ഞ് പനി, കുത്തിവച്ച ഭാഗത്ത് വേദന, നീര്, അസ്വസ്‌ഥത ഇവയൊക്കെയുണ്ടാകാം. ഇതൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മാറിപ്പോകും.
പനിയോ വേദനയോ ഉണ്ടെങ്കില്‍ പാരാസെറ്റാമോള്‍ സിറപ്പ് കൊടുത്താല്‍ മതി. എന്നാല്‍ കുത്തിവച്ച സ്‌ഥാനത്ത് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടും വേദനയോ ചുവപ്പോ ഉണ്ടെങ്കില്‍ ഡോക്‌ടറെ കാണിക്കണം.
3. പോളിയോ വാക്‌സിന്‍
പോളിയോമൈലൈറ്റിസ് എന്ന രോഗം വരാതിരിക്കാനാണിത് നല്‍കുന്നത്. ഇത് തുള്ളിമരുന്നായി വായിലൊഴിച്ചാണ് കൊടുക്കുന്നത്. പനിയോ വയറിളക്കമോ മറ്റ് പാര്‍ശ്വഫലങ്ങളോ ഒന്നുമില്ല. അഞ്ച് ഡോസുകളായാണ് ഇത് നല്‍കുന്നത്.
4 മീസില്‍സ് വാക്‌സിന്‍
മണ്ണന്‍പനി വരാതിരിക്കാനാണ് ഇതെടുക്കുന്നത്. കടുത്ത മണ്ണന്‍പനി ഉണ്ടാകുന്ന കുട്ടികള്‍ക്ക് ന്യുമോണിയ, ഹൃദ്രോഗം, മെനിഞ്ചൈറ്റിസ് എന്നീ ഗുരുതരമായ രോഗാവസ്‌ഥകള്‍ ചിലപ്പോഴെങ്കിലുമുണ്ടാകാം.
ആറ് മാസത്തിനും ഒന്‍പത് മാസത്തിനും ഇടയ്‌ക്കാണിത് നല്‍കേണ്ടത്. തുടര്‍ന്ന് നല്‍കുന്ന എം.എം.ആര്‍. വാക്‌സിനും ഈ രോഗം പ്രതിരോധിക്കും. മീസില്‍സ് വാക്‌സിന് റിയാക്ഷനോ പനിയോ പതിവില്ല.
5. എം.എം.ആര്‍. വാക്‌സിന്‍
മണ്ണന്‍പനി, മുണ്ടിനീര്, ജര്‍മന്‍ മീസില്‍സ് (റൂബല്ല) എന്നീ രോഗങ്ങള്‍ക്കെത്തിരെയുള്ള വാക്‌സിനാണിത്. ജര്‍മന്‍ മീസില്‍സിനെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പുകള്‍ പെണ്‍കുട്ടികള്‍ക്ക് വളരെ പ്രധാനമാണ്.
ഗര്‍ഭാവസ്‌ഥയില്‍ ആദ്യത്തെ നാല് മാസത്തിനുള്ളില്‍ ജര്‍മന്‍ മീസില്‍സ് വന്നാല്‍ ഗര്‍ഭശിശുവിന്റെ ഹൃദയം, തലച്ചോറ്, കണ്ണുകള്‍, മറ്റവയവങ്ങള്‍ എന്നിവയ്‌ക്ക് ജന്മനായുള്ള വൈകല്യങ്ങള്‍ സംഭവിക്കാം.
6. ഹിബ് വാക്‌സിന്‍
ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് ബി എന്ന രോഗാണുമൂലമുണ്ടാകുന്ന ഏറെ ഗുരുതരമായ ന്യുമോണിയ, മെനിഞ്ചൈറ്റിസ് ഇവ വരാതിരിക്കാനാണ് ഹിബ് വാക്‌സിനെടുക്കുന്നത്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വരാവുന്ന ഏറ്റവും മാരകമായ രോഗബാധയാണിത്.
ഹിബ് വാക്‌സിന്‍ കുത്തിവയ്‌പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം. ഒരു മാസം ഇടവിട്ട് മൂന്ന് ഡോസുകളിലാണിത് നല്‍കുന്നത്. ട്രിപ്പിള്‍ ആന്റിജനോടൊപ്പം ഇത് നല്‍കാം.
7. ഹെപ്പറ്റൈറ്റിസ്- ബി വാക്‌സിന്‍
ഹെപ്പറ്റൈറ്റിസ് -ബി വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം തടയാനാണ് ഈ വാക്‌സിനെടുക്കുന്നത്. ജനനം കഴിഞ്ഞ് അധികം താമസിയാതെ ബി.സി.ജി.യോടും പോളിയോയോടും ഒപ്പം ആദ്യഡോസ് നല്‍കണം. ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും ആറാം മാസത്തില്‍ മൂന്നാം ഡോസും നല്‍കണം.
ജനിച്ചയുടന്‍ ഹെപ്പറ്റൈറ്റിസ് -ബി വാക്‌സിന്‍ എടുക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ആദ്യ ഡോസ് നല്‍കി ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും ആദ്യ ഡോസ് കഴിഞ്ഞ് ആറാം മാസത്തില്‍ മൂന്നാം ഡോസും നല്‍കാം. ഗര്‍ഭകാലത്തെ രക്‌തപരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് -ബി ആണെന്ന് കണ്ടാല്‍ ശിശു ജനിച്ച് 12 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കണം.
ഇത്തരം ശിശുക്കള്‍ക്ക് ഹെപ്പറ്റൈറ്റിസ്- ബി വാക്‌സിന്‍ നല്‍കുന്നതോടൊപ്പം ശരീരത്തിന്റെ മറ്റൊരുഭാഗത്ത് ഹെപ്പറ്റൈറ്റിസ് -ബി ഇമ്യൂണോഗ്ലോബുലിന്‍ എന്ന മരുന്നും കുത്തിവയ്‌ക്കണം. ഇവരിലും ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിന്‍ രണ്ടാമത്തെ ഡോസ് ഒരു മാസം കഴിഞ്ഞും മൂന്നാമത്തെ ഡോസ് ആദ്യഡോസ് കഴിഞ്ഞ് ആറാംമാസത്തിലും നല്‍കണം.
8. ചിക്കന്‍ പോക്‌സ് വാക്‌സിന്‍
ഒരു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വരാതിരിക്കാന്‍ പതിനഞ്ചാം മാസത്തില്‍ നല്‍കുന്ന എം.എം.ആര്‍. മീസില്‍സ്, മംപ്‌സ്, റൂബെല്ലാ (അഞ്ചാംപനി, ജര്‍മന്‍പനി) വാക്‌സിനോടൊപ്പം ചിക്കന്‍പോക്‌സ് വാക്‌സിനും നല്‌കാവുന്നതാണ്.
9. ടൈഫോയിഡ് വാക്‌സിന്‍
രണ്ടു മുതല്‍ മൂന്നുവയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ടൈഫോയിഡിനെതിരെ നല്‍കുന്ന ഒറ്റ ഡോസ് വാക്‌സിനാണ് ടൈഫോയിഡ് വാക്‌സിന്‍. ഒരു ഡോസിന് മൂന്നു വര്‍ഷത്തേക്കുള്ള പ്രതിരോധശക്‌തിയുണ്ട്.
പ്രതിരോധ കുത്തിവയ്‌പ് മറന്നാല്‍
താമസിച്ചുപോയതുകൊണ്ട് കുത്തിവയ്‌പ് എടുക്കാതിരിക്കുന്നത് അബദ്ധമാണ്. എത്രയും വേഗം ഡോക്‌ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്‌പുകള്‍ എടുക്കണം. പ്രതിരോധ കുത്തിവയ്‌പിന്റെ ഒരു ഡോസെടുക്കാന്‍ വിട്ടുപോയാല്‍ കുത്തിവയ്‌പ് ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടതില്ല. ബാക്കിയുള്ള ഡോസുകള്‍ വൈകാതെ എടുത്താല്‍ മതി.
മുകളില്‍ പറഞ്ഞ വാക്‌സിനുകള്‍തന്നെ നാലോ അഞ്ചോ വാക്‌സിനുകള്‍ വീതം കൂടുതല്‍ സൗകര്യപ്രദമായി കുത്തിവയ്‌പുകളുടെ എണ്ണം കുറച്ച് നല്‍കാവുന്ന രീതിയില്‍ ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍1. 6-8 ആഴ്‌ച തിരിച്ചറിഞ്ഞു ചിരിക്കുന്നു
2. 12-6 ആഴ്‌ച കഴുത്ത് ഉറയ്‌ക്കുന്നു.
3. 4-ാം മാസം കമിഴ്‌ന്നു വീഴുന്നു
4. 5-6 മാസം മടിയില്‍ സഹായത്തോടെ ഇരിക്കുന്നു, കൊടുക്കുന്ന വസ്‌തുക്കള്‍ പിടിക്കുന്നു
5. 6 -ാം മാസംകസേരയില്‍ ചാരി ഇരിക്കുന്നു, ആടുന്ന വസ്‌തുക്കള്‍ പിടിച്ചെടുക്കുന്നു
6. 7 -8 മാസം സഹായമില്ലാതെ ഇരിക്കുന്നു
7. 10-ാം മാസംമുട്ടുകുത്തി ഇഴയുന്നു
8. 11-ാം മാസം പിടിച്ചുനില്‍ക്കുന്നു
9. 12-ാം മാസം സഹായമില്ലാതെ നടന്നു തുടങ്ങുന്നു
10. 12-14 മാസംസഹായമില്ലാതെ ഓടിനടക്കുന്നു
11. 2 വയസ് കോണിപ്പടി കയറുന്നു. രണ്ടുകാലും ഒരു പടിയില്‍ വച്ച് വച്ച് കോണിപ്പടി കയറുന്നു
12. 3 വയസ് ഒരു കാല്‍ ഒരു പടിയില്‍വച്ച് കോണിപ്പടി കയറുന്നു. തനിയെ വസ്‌ത്രം ഇടാനും അഴിക്കാനും പഠിക്കുന്നു.
ആരോഗ്യമുള്ള കുട്ടികളുടെ തൂക്കവും ഉയരവും
പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ താരതമ്യേന തൂക്കവും ഉയരവും അല്‍പം കുറവായിരിക്കും.
പ്രായം------------------തൂക്കം-----------------------------------------ഉയരം
ജനിക്കുമ്പോള്‍---------2 1/2 മുതല്‍ 3 1/2 കി.ഗ്രാം വരെ
മൂന്നാം മാസം --------5 1/3 കി.ഗ്രാം---------------------------- 59 സെ.മീ
ആറാം മാസം -----------7 ---------------------------------------- 65 സെ.മീ
ഒന്‍പതാം മാസം ------ 8 ---------------------------------------- 69സെ.മീ
ഒരു വയസ് ------------- 9 ---------------------------------------- 74സെ.മീ
രണ്ടു വയസ് -------------- 11 --------------------------------------- 84 സെ.മീ
മൂന്നു വയസ് ---------------- 12 ------------------------------------- 90 സെ.മീ
നാലു വയസ് -------------- 14 ------------------------------------- 96 സെ.മീ
അഞ്ചു വയസ് ----------------17 ------------------------------------ 104 സെ.മീ
ആറു വയസ് ------------------ 19 ----------------------------------- 114 സെ.മീ
ഏഴു വയസ്, ------------------ 21 ------------------------------------ 119 സെ.മീ
എട്ടു വയസ് -------------------- 23 ----------------------------------- 124 സെ.മീ
ഒന്‍പതു വയസ് --------------- 25 ----------------------------------- 130 സെ.മീ
പത്തു വയസ് ------------------- 27 ----------------------------------- 137 സെ.മീ
പ്രത്യേകം ശ്രദ്ധിക്കുക 1. ഒന്നര രണ്ട് മാസം പ്രായമുള്ളപ്പോള്‍ ശബ്‌ദം കേള്‍പ്പിക്കുന്നിടത്തേക്ക് കുഞ്ഞ് മുഖം തിരിച്ച് നോക്കാതിരിക്കുന്നത്.
2. മൂന്ന്, നാല് മാസമായിട്ടും ആളെ കണ്ടാലും കളിപ്പാട്ടം കണ്ടാലും പ്രത്യേകം ശ്രദ്ധിക്കുന്നില്ലെങ്കില്‍.
3. നാലഞ്ച് മാസമായിട്ടും അമ്മ മടിയിലിരുത്തുമ്പോള്‍ തല നിവര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍.
4. ഒന്‍പതാം മാസമായിട്ടും പരസഹായമില്ലാതെ ഇരിക്കാന്‍ കഴിയുന്നില്ലെങ്കില്‍.
5. പത്ത് മാസമായിട്ടും ആവര്‍ത്തിച്ച് ശബ്‌ദമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍.
6. ഒന്നര വയസായിട്ടും തനിയെ നടക്കാന്‍ കഴിയുന്നില്ലെങ്കില്‍.
7. ഒന്നേമുക്കാല്‍ വയസായിട്ടും ഒരു വാക്കുപോലും സംസാരിക്കുന്നില്ലെങ്കില്‍.
8. രണ്ടേകാല്‍ വയസായിട്ടും രണ്ടുമൂന്ന് വാക്കുചേര്‍ത്ത് സംസാരിക്കാനായില്ലെങ്കില്‍.
9. നാല് വയസായിട്ടും വ്യക്‌തമായി മനസിലാകുന്ന രീതിയില്‍ സംസാരിക്കുന്നില്ലെങ്കില്‍.
മേല്‍ സൂചിപ്പിച്ചതുപോലെയുള്ള പോരായ്‌മകള്‍ ഉള്ളപ്പോള്‍ കുഞ്ഞിനെ ആറാമത്തെ ആഴ്‌ചയിലും ആറാമത്തെ മാസത്തിലും പത്താമത്തെ മാസത്തിലും ഒന്നരവയസിലും മൂന്നുവയസിലും ഒരു വിദഗ്‌ദ്ധ ചികിത്സകനെക്കൊണ്ട് പരിശോധിപ്പിക്കണം.
കുത്തിവയ്‌ക്കേണ്ടപ്പോള്‍ കുഞ്ഞിന് അസുഖമായാല്‍
കടുത്ത പനിയോ വലിയ അസ്വാസ്‌ഥ്യമോ ആണെങ്കില്‍ മാത്രമേ കുഞ്ഞിന്റെ പ്രതിരോധകുത്തിവയ്‌പ് മാറ്റിവയ്‌ക്കാവൂ. ചെറിയ ജലദോഷം, മൂക്കൊലിപ്പ്, ചുമ, തൊലിപ്പുറത്ത് ചുവപ്പ്, തടിപ്പ്, മറ്റ് ചെറിയ അസുഖങ്ങള്‍ ഇവയൊന്നും കുത്തിവയ്‌പ് മാറ്റിവയ്‌ക്കാനുള്ള കാരണങ്ങളല്ല.
വലിയ പനിയോ വയറിളക്കമോ ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്‌ടറെ കണ്ട് ചികിത്സിച്ച് ഭേദമാക്കിയശേഷം എളുപ്പം കുത്തിവയ്‌പെടുക്കണം.
ടൈഫോയിഡ് വാക്‌സിന്‍ കാപ്‌സ്യൂളായി
ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ടൈഫോയ്‌ഡ് വാക്‌സിനും ലഭ്യമാണ്. ആറ് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മൂന്ന് ക്യാപ്‌സ്യൂളുകളായി നല്‍കിയാല്‍ മതിയാകും. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് ഇത് വീണ്ടും ആവര്‍ത്തിക്കണം.