അമ്മയുടെ മോഹം എന്നിലൂടെ സാധിച്ചു സുന്ദരിയും മണ്ടിയുമായ വില്ലത്തി. പരസ്‌പരം സീരിയലിലെ മീനാക്ഷിയായി തിളങ്ങുന്ന സ്‌നേഹ ബിരുദവിദ്യാര്‍ത്ഥിനിയാണ്. പഠനത്തോടൊപ്പം അഭിനയവും ഒന്നിച്ചു കൊണ്ടുപോകാനാണ് സ്‌നേഹയ്‌ക്ക് ഇഷ്‌ടം.
തൃശൂരില്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ സ്‌നേഹ സീരിയല്‍ താരമായതോടെ കോളജിലും അല്‍പ്പസ്വല്‍പ്പം താരപരിവേഷമൊക്കെ ലഭിച്ചു തുടങ്ങി. എന്നാല്‍ കൂട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇപ്പോഴും തോളില്‍ കയ്യിടുന്ന സൗഹൃദം നിലനിര്‍ത്തുന്ന ആ പഴയ സ്‌നേഹ തന്നെയാണ്.
അഭിനയം പഠനത്തെ ബാധിക്കാതെ കൊണ്ടു പോകാനുളള തീവ്രശ്രമത്തിലാണ് സ്‌നേഹ. ഇതിനിടയിലും പരസ്‌പരത്തിലെ മണ്ടിയായ വില്ലത്തി കുടുംബ പ്രേക്ഷകരുടെ കയ്യടി നേടുന്നു.
പരസ്‌പരം സീരിയലിലെ അനുഭവങ്ങള്‍?
രേഖ ച്ചേച്ചിയും പ്രദീപേട്ടനുമൊഴികെ എല്ലാ ആര്‍ട്ടിസ്‌റ്റുകളും പുതുമുഖങ്ങളാണ്. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടൊരു സീരിയല്‍ വിജയിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
ആദ്യ സമയത്ത് പരസ്‌പരത്തിന് റേറ്റിംഗ് തീരെ കുറവായിരുന്നു. സമയം മാറ്റാന്‍ വരെ തീരുമാനിച്ചിരുന്നു. അതുകഴിഞ്ഞ് ചെറിയ വ്യത്യാസം വന്നപ്പോള്‍ കാത്തിരിക്കാമെന്നു എല്ലാവരും തീരുമാനിച്ചു. പിന്നീട് ഒന്നും നോക്കേണ്ടി വന്നില്ല. ആ സീരിയല്‍ നല്ല രീതിയില്‍ തന്നെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും.
അഭിനയിക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കാറില്ലായിരുന്നു. പുറത്തിറങ്ങിയാല്‍ ആളുകള്‍ക്ക് ഞാന്‍ സ്‌നേഹയല്ല മീനാക്ഷിയാണ്. ആദ്യമൊക്കെ ഭയത്തോടെയാണ് അഭിനയിച്ചത്.
സീരിയലും സിനിമയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഓരോ എപ്പിസോഡു കഴിയുമ്പോഴും സീരിയല്‍ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതാണ്.
ആദ്യത്തെ പേടിയൊക്കെ മാറി മീനാക്ഷിയെ എന്നോടൊപ്പം തന്നെ കൊണ്ടു നടക്കുകയാണ്. സെല്‍ഫിഷായുള്ള കഥാപാത്രമാണ് മീനാക്ഷി. ജീവിതത്തില്‍ പല സ്‌ഥലങ്ങളിലും മീനാക്ഷിയെ പോലുള്ളവരെ നാം കാണാറുണ്ട്.
ഒപ്പം അഭിനയിക്കുന്നവരുടെ പിന്‍തുണ?
കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ രേഖച്ചേച്ചി പറഞ്ഞു തരും. ചില സീനുകള്‍ വരുമ്പോള്‍ ചിന്തിക്കാറുണ്ട് അമ്മായി അമ്മയോട് അങ്ങനെ പെരുമാറിയാല്‍ ശരിയാണോ എന്ന്. ആ സമയം രേഖ ച്ചേച്ചി കോണ്‍ഫിഡന്‍സ് തന്ന് അത് നന്നായി ചെയ്യാനുള്ള മാര്‍ഗം പറഞ്ഞു തരും.
ഇതു പോലെ ചെയ്‌താല്‍ സീന്‍ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന്. പ്രദീപേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോര്‍ ഒരു കെമിസ്‌ട്രി വര്‍ക്കൗട്ടാകുന്ന പോലെ തോന്നാറുണ്ട്.
നല്ല ആക്‌ടീവാണ് തമാശകളൊക്കെ പറഞ്ഞ് എനര്‍ജറ്റിക്കായി ഓടി നടക്കും. കൂടെ അഭിനയിക്കുന്ന എല്ലാവര്‍ക്കും ആത്മ വിശ്വാസം നല്‍കാന്‍ പ്രദീപേട്ടനു കഴിയാറുണ്ട്.
-
അഭിനയമെന്ന മോഹം തോന്നിയത്?
അമ്മയുടെ ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു അമ്മയ്‌ക്ക് അഭിനേത്രി ആവണം എന്നത്. അമ്മയ്‌ക്ക് അത് സാധിച്ചില്ല. എന്നിലുടെ അത് സാക്ഷാത്‌കരിക്കണം എന്ന് അമ്മ ചിന്തിച്ചു. അങ്ങനെ അമ്മയുടെ നിര്‍ബന്ധത്തിലാണ് ഞാന്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത്.
എറണാകുളത്തെ ഒരു ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു പരസ്‌പരത്തിന്റെ ഓഡീഷന്‍. അവര്‍ എന്നെ സെലക്‌ട് ചെയ്‌തു . പിന്നെ തിരുവനന്തപുരത്ത് ഒരു അഭിനയക്യാംപ് ഉണ്ടായിരുന്നു. അമ്മയുടെ ആഗ്രഹമായതുകൊണ്ട് അച്‌ഛന്‍ നല്ല സപ്പോര്‍ട്ടായിരുന്നു. അമ്മയുടെ വീട്ടുകാര്‍ക്കും താത്‌പര്യമായിരുന്നു.
പക്ഷേ അച്‌ഛന്റെ വീട്ടില്‍ ചെറിയ എതിര്‍പ്പുകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. മനോജുമാമനാണ് ഏറ്റവും താത്‌പര്യം. ഡാന്‍സ് പഠിച്ചതു കൊണ്ട് അഭിനയിക്കുമ്പോള്‍ കൈമുദ്രകളൊക്കെ വരാറുണ്ട്.
സീരിയല്‍ കണ്ടു കഴിയുമ്പോള്‍ മാമന്‍ വിളിച്ച് പറയും അങ്ങനെ മുദ്രകളൊന്നും വരാന്‍ പാടില്ല. നന്നായി ശ്രദ്ധിച്ച് ചെയ്യണം എന്നൊക്കെ. എന്റെ ഏറ്റവും നല്ല വിമര്‍ശകന്‍ മാമനാണ്.
അഭിനയത്തിനു പുറമേയുള്ള ഇഷ്‌ടങ്ങള്‍?
പ്രത്യേകിച്ച് ഇഷ്‌ടങ്ങളൊന്നുമില്ല . നല്ലൊരു ജോലി കിട്ടുക എന്നതിലുപരി നല്ലൊരു വ്യക്‌തിയാവണം എന്നാണ് ആഗ്രഹിക്കുന്നത്. സമൂഹത്തിന് ഗുണകരമായ ചില കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സ്വന്തമായി ജോലി ചെയ്‌ത് പണമുണ്ടാക്കി ആളുകളെ സഹായിക്കാനാണ് താത്‌പര്യം.
വീട്ടുകാര്യങ്ങള്‍?
അച്‌ഛന്‍ ദിവാകരന്‍, അമ്മ രനനി, അനിയന്‍ ദിഷ്‌ണു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ അനിയനുമായി എപ്പോഴും വഴക്കാണ്. ചെറുപ്പത്തിലെ ഞങ്ങള്‍ വഴക്കുണ്ടാക്കുമ്പോള്‍ അമ്മ പറയും ആര് തല്ലി തോല്‍പ്പിക്കുന്നോ അവരു ജയിക്കുമെന്ന്.
പക്ഷേ ഇപ്പോള്‍ എന്നെ തല്ലിയാല്‍ ഓടി വന്ന് അനിയനെ തടയും എന്നിട്ട് പറയും പെണ്‍കുട്ടികളെ തല്ലാന്‍ പാടില്ലാന്ന്. വഴക്കിനു പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല . ഞാന്‍ പറയുന്നതവനും അവന്‍ പറയുന്നതെനിക്കും അംഗീകരിക്കാന്‍ പറ്റില്ല.
പക്ഷേ പരസ്‌പരം ഭയങ്കര സ്‌നേഹമാണ്. ചെറുപ്പം മുതലേ വായാടി എന്ന പേരെനിക്ക് കിട്ടിയിട്ടുണ്ട്. റോഡിലൂടെ പോകുന്ന ആരെ കണ്ടാലും സംസാരിച്ചോണ്ടേ ഇരിക്കും.
സൗഹൃദങ്ങള്‍?
എക്കാലത്തെയും സുഹൃത്തുക്കള്‍ സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായിരുന്നവരാണ്. പത്താം ക്ലാസില്‍ ഞങ്ങളൊരു ഗ്യാങ്ങായിരുന്നു ഷുബീറ, നൗഷിബ, കൃഷ്‌ണപ്രിയ എന്നിവരായിരുന്നു സുഹൃത്തുക്കള്‍ . ഷുബീറയെ ഇപ്പോഴും വിളിക്കാറുണ്ട്.
മറ്റു രണ്ടുപേര്‍ വിവാഹമൊക്കെ കഴിഞ്ഞു. ഞാന്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കുറച്ചു വേഷങ്ങള്‍ ചെയ്യണം. അതിനു ശേഷം മതി വിവാഹം.
പ്രണയമുണ്ടോ?
എന്നെ പ്രണയിക്കാന്‍ ആര്‍ക്കും ധൈര്യമില്ല എന്നു തോന്നുന്നു.
എന്നു കരുതി ഞാന്‍ അത്രയ്‌ക്ക് ബോള്‍ഡൊന്നുമല്ല. ഇനിയൊരു പക്ഷേ പ്രണയിച്ചാല്‍ തലയില്‍ കേറിയാലോ എന്ന പേടി കൊണ്ടാവും ആരും ഇതുവരെ അത്രയ്‌ക്ക് വലിയ റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല.
നേരിട്ട് അനുഭവമില്ലെങ്കിലും ഒരുപാട് പ്രണയവും പ്രണയ നൈരാശ്യങ്ങളും കണ്ടിട്ടുണ്ട്.
-