ചുടുവീര്‍പ്പുകള്‍ ഇപ്പോഴും പാടുന്നു
കാലത്തിന്റെ മറുതീരത്തേക്കു മുന്‍വാങ്ങിയെങ്കിലും ജോണ്‍സന്‍ നമ്മോടൊപ്പം ഇല്ല എന്നിനിയും തോന്നിയിട്ടില്ല. ആ സര്‍ഗസാന്നിധ്യം മലയാളത്തനിമയിറ്റുന്ന സാമഗാനങ്ങളുടെ തേനലയായി ഇന്നും എന്നും നമ്മുടെ കാതില്‍ പെയ്‌തുതെളിയുന്നു. അല്ലെങ്കിലും ജോണ്‍സന്‍ ഒരിക്കലും ഒരോര്‍മയല്ല.
മലയാളിയുടെ മനസിലെ കനിവിന്റെയും കനവിന്റെയും ഉച്ചവെയിലിന്റെയും ഉഷഃസന്ധ്യയുടെയും വിലോല നിലാവുകളുടെയും ഉന്മാദലാസ്യത്തിന്റെയും കണ്ണുനീര്‍ക്കിനാവാണ്; അനുഭവത്തിന്റെ സ്‌പന്ദമാണ്; മറ്റാരില്‍നിന്നും ലഭിച്ചിട്ടില്ലാത്ത ഒരനുഭൂതിയുടെ സുകൃതമാണ്. ഒരു പാഷന്‍, ഒരു ഇമോഷന്‍, ഒരു ഫീല്‍. വാക്കുകള്‍ ഭാഷ മാറിവരുമ്പോഴും നാമിത്രമേല്‍ സ്‌നേഹിച്ചിരുന്ന ഈ കലാകാരനെ വിശേഷിപ്പിക്കുവാന്‍ എത്ര അപര്യാപ്‌തമാണെന്നു നോക്കുക.
പതിറ്റാണ്ടുകള്‍ക്കു മുമ്പൊരു സായാഹ്നഹ്‌്നം ഇപ്പോഴുമുണ്ട് ഓര്‍മയില്‍.
തൃശൂര്‍ നഗരം. മുനിസിപ്പല്‍ റസ്‌റ്റ്ഹൗസിലെ ഒരു മുറി. സംഗീതകുലപതിയായ ദേവരാജന്റെ സദസ്. ഭവ്യതയോടെ പി. ജയചന്ദ്രനും മാധുരിയും അരികില്‍. ജനാലയ്‌ക്കടുത്ത് ഭിത്തിയില്‍ ചാരി ഊതിയാല്‍ പറന്നുപോകാവുന്നത്ര കനമുള്ള ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. സംഗീതത്തിന്റെ ദേവമുഖത്തെ ഓരോ ഭാവവും വ്യംഗ്യവും ബദ്ധശ്രദ്ധനായി കണ്ണാലെ ഒപ്പിയെടുത്തുകൊണ്ടുനില്‍ക്കുന്ന ആ ചെറുപ്പക്കാരന്റെ നേര്‍ക്കു വാത്സല്യം കിനിയുന്ന മിഴികളോടെ ഗുരുരാജന്‍ നിരയൊത്ത തൂവെള്ള പല്ലുകള്‍ പുറത്തുകാണിച്ചൊന്നു ചിരിച്ചു. ഉള്ളിലെ സ്‌നേഹമത്രയും അമൃതായി കവിള്‍മിനുക്കത്തില്‍ തെളിച്ചുകൊണ്ടു പരിചയപ്പെടുത്തി.
''എവന്‍...''
മുഴുമിപ്പിച്ചില്ല. മുഴുമിപ്പിക്കാന്‍ അല്ലെങ്കിലും വാക്കുകള്‍ എന്തിന്?! ആ നിറചിരി ധാരാളം. വോയ്‌സ് ഓഫ് ട്രിച്ചൂരിന്റെ ടീമില്‍നിന്നു ദേവരാജമനസ് ആ ചെറുപ്പക്കാരനെ ദത്തെടുത്തത് മാറ്റുരച്ചു തൃപ്‌തിപ്പെട്ട് ആയിരംവട്ടം സ്വയം ബോധ്യപ്പെട്ടു മന്ത്രിച്ചതിനുശേഷമാണെന്നുറപ്പായിരുന്നല്ലോ. പറയാതെ പറഞ്ഞ വാക്കുകള്‍ മനസു പൂരിപ്പിച്ചു.
''ഇവന്‍ എന്റെ പ്രിയശിഷ്യന്‍!''
അതൊരു അഭിഷേകമുഹൂര്‍ത്തമായിരുന്നു; മലയാളചലച്ചിത്രസംഗീതത്തിന്റെ രാജസദസിലേക്കു തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ അജയ്യനായി വാഴാന്‍ ജോണ്‍സന് ചുമന്ന കമ്പളം വിരിച്ചുള്ള സ്വാഗതാഖ്യാനം അനുഗ്രഹമായി ആ നെറുകയില്‍ വര്‍ഷിച്ച നിമിഷം.
പിന്നീട് ആ ചെറുപ്പക്കാരനെ കാണുന്നതു ഭരതന്റെ വീട്ടില്‍.
ഉള്ളിലെ ഊര്‍ജമത്രയും ആര്‍ജവനിലാവായി മുഖമിനുപ്പില്‍ പ്രസരിപ്പിക്കുന്ന ആ ചെറുപ്പക്കാരന്‍ അപ്പോഴേക്കും ഭരതന്റെയും മാനസപുത്രനായിമാറിയിരുന്നു. പൂര്‍ണതയില്‍ അണുവിട കുറവനുവദിക്കാത്ത സന്ധിയില്ലാത്ത നിഷ്‌ഠയുടെ ശാഠ്യദാര്‍ഢ്യത്തിനു പേരുകേട്ട ദേവരാജന്‍ തന്റെ ചിത്രങ്ങളുടെ പശ്‌ചാത്തലസംഗീതത്തിന്റെ നൊട്ടേഷനൊത്തു മറ്റു സംഗീതകാരന്മാരെ ചിട്ടപ്പെടുത്താന്‍ വിശ്വസിച്ചേല്‍പ്പിക്കുന്നത് ഈ ചെറുപ്പക്കാരനെയാണെന്ന ഖ്യാതിയുടെ നിറവില്‍ മദിരാശിയിലെ ചലച്ചിത്രവൃത്തത്തിലാകെ ശ്രദ്ധേയനായി മാറി ജോണ്‍സന്‍.
ആന്റണി ഈസ്‌റ്റ്മാന്‍ 'ഇണയെത്തേടി' എന്ന ചിത്രം സംവിധാനം ചെയ്യുന്നു. സബ്‌സിഡിയില്‍ വരണമെങ്കില്‍ നിശ്‌ചിതതീയതിക്കകം സെന്‍സര്‍ ചെയ്യണം. ചിത്രം പശ്‌ചാത്തല സംഗീതത്തിനൊരുങ്ങിവന്നപ്പോള്‍ ദിവസങ്ങള്‍ ഏറെയില്ല. സംഗീതത്തിനു ദേവരാജന്‍ മാസ്‌റ്ററെയാണ് ഉദ്ദേശിച്ചിരുന്നത്. മാസ്‌റ്റര്‍ക്കാണെങ്കില്‍ തിരക്കോടു തിരക്ക്. നിന്നുതിരിയാനിടയില്ല. പകരക്കാരനായി മാസ്‌റ്റര്‍ നിര്‍ദേശിച്ചത് ജോണ്‍സനെ! ഒറ്റപ്പകല്‍കൊണ്ടു ചിത്രം മുഴുവന്‍ റീറിക്കാര്‍ഡിംഗ് ചെയ്യണം. ഒരു പാട്ടും റിക്കാര്‍ഡ് ചെയ്യണം. ജോണ്‍സന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. കൃത്യതയോടെ പൂര്‍ത്തിയാക്കി. ആര്‍.കെ. ദാമോദരന്‍ എഴുതി പി. ജയചന്ദ്രന്‍ പാടിയ 'വിപിനവാടിയില്‍...' എന്നാരംഭിക്കുന്ന ഗാനം ജോണ്‍സന്റെ ആദ്യഗാനമായി.
അതിനുമുമ്പേ ഭരതന്റെ 'ആരവ'ത്തില്‍ ജോണ്‍സന്‍ പശ്‌ചാത്തലസംഗീതക്കാരനായി ഇടചേര്‍ന്നിരുന്നു. തുടര്‍ന്ന് 'തകര' വന്നു. പുറകെ 'ചാമരം' പി. പത്മരാജന്റെ 'കൂടെവിടെ'യിലാണു സംഗീതസംവിധായകനായുള്ള ആര്‍ഭാടപൂര്‍ണമായ അരങ്ങേറ്റം. പൂജയ്‌ക്കെത്തിയപ്പോള്‍ ഓര്‍ക്കസ്‌ട്രക്കാര്‍ക്കിടയില്‍ നിര്‍ദേശങ്ങളുമായി ഓടിനടക്കുന്ന ഈര്‍ക്കില്‍പോലുള്ള ജോണ്‍സനെ കണ്ട് സംവിധായകന്‍ മോഹന്‍ ആശ്‌ചര്യപ്പെട്ടു.
''ഈ ചെറുക്കനെങ്ങനെ ഇത്രയും പേരെ വിരല്‍ത്തുമ്പത്തു വിരുത്തമാടിക്കും?''
ആ ജോണ്‍സന്‍ പിന്നീടു മോഹന്‍ചിത്രങ്ങളില്‍ സ്‌ഥിരം സംഗീതസംവിധായകനായി.
ബാലചന്ദ്രമേനോന്റെ 'പ്രേമഗീതങ്ങള്‍' കൂടി പുറത്തുവന്നതോടെ ജോണ്‍സന്റെ പാട്ടുകള്‍ മലയാളികള്‍ ആഘോഷപൂര്‍വം ഏറ്റെടുത്തു. പിന്നെയുള്ള പതിറ്റാണ്ടുകള്‍ ആ ഘോഷയാത്രയുടെ സംഗീതനിറവുകളായി.
മലയാളസിനിമാസംഗീതത്തിന്റെ അമ്പതാം വാര്‍ഷികമാചരിക്കാന്‍ ദേവരാജന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീളുന്ന സംഗീതവിരുന്നൊരുക്കിയപ്പോള്‍ അരനൂറ്റാണ്ടുകാലം മലയാളി മൂളിനടന്ന ഈ ഞങ്ങളെ തെളിക്കാന്‍ ഓര്‍ക്കെസ്‌ട്രായുടെ ദൗത്യം ഗുരുനാഥന്‍ വിശ്വസിച്ചേല്‍പ്പിച്ചത് പ്രിയ ശിഷ്യനെ. മൂന്നുദിവസം വേദിയില്‍ നിറഞ്ഞു ജ്വലിച്ച യുവസംഗീതകാരന്റെ വൈഭവം കണ്ട് ആരാധനയോടെ നെറുകയില്‍ കൈവച്ചു ഹൃദയംകൊണ്ടനുഗ്രഹിച്ചു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ സുല്‍ത്താന്‍ നൗഷാദ് അലി!
നേര്‍ത്ത അനുനാസികത്തില്‍ കയറ്റം കയറുമ്പോഴുള്ള ലോറിയുടെ ചീറ്റല്‍പോലെ ഒന്നു കാറി, ഇടതുതോളും വലതു തോളും തമ്മിലൊന്നു ഏങ്കോണിച്ചു, തറച്ചാല്‍ തിരിച്ചെടുക്കുവാനാകാത്തവിധം തീവ്രതീക്ഷ്‌ണശോഭ കത്തുന്ന കണ്ണുകളുമായി ഹര്‍മോണിയത്തില്‍ വിരലുകളാല്‍ സ്വരസ്‌ഥാനങ്ങളെ വരുതിയില്‍നിര്‍ത്തി നെഞ്ചകത്തെ ഉള്ളറകള്‍ തുറന്നുപാടുമായിരുന്ന ജോണ്‍സന്‍ മലയാളിക്കു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയല്ല ഒരുകാലത്തും. ചോരയും നീരും നിശ്വാസത്തിന്റെ ചൂടും ആത്മാവിന്റെ വീര്‍പ്പും അനുഭവമാക്കി പകുത്തുതരുന്ന നിറവിന്റെ ദിവ്യമായ ആനന്ദവും ലഹരിയുമാണ്. കിനാവിന്റെ ഉന്മാദമാണ്; വിഷാദത്തിലൂറിയ തേന്‍കനിയാണ്; എന്നത്തെയും വര്‍ത്തമാനകാലത്തിന്റെ മരിക്കാനാവാത്ത രാഗസ്‌പന്ദമാണ്.
ഇടയ്‌ക്കെപ്പോഴോ ഉള്‍വലിഞ്ഞ ജോണ്‍സന്‍ സ്വയം ഒരവധിക്കാലം പ്രഖ്യാപിച്ചു. മനസിന്റെ പിരിമുറുക്കം സിരകളിലേല്‍പ്പിച്ച മുറിപ്പാടുകള്‍ നിസാരമായിരുന്നില്ല. സ്വന്തമെന്നു കരുതിയിരുന്നവരും നിഴല്‍പോലെ രാപകല്‍ കൂടെനടന്നവരും ആ ഏകാന്തവാസക്കാലത്ത് നിഷ്‌ക്കരുണം പുറംതള്ളാന്‍ മത്സരിച്ചപ്പോള്‍ ആ മുറിപ്പാടില്‍നിന്നു നൊമ്പരച്ചാലുകകള്‍ വളര്‍ന്നു. ആരോടും പരിഭവം പറഞ്ഞില്ല ജോണ്‍സന്‍. വിധിയെ നോക്കി അലിവോടെ ചിരിച്ചു. മരിക്കുമ്പോഴും ആ ചിരിയുടെ അലിവ് കൈവിട്ടിരുന്നിരിക്കില്ല ചങ്ങാതി. പാപബോധത്തോടെ
ഏറ്റുപറയാതെ വയ്യ: 'ജോണ്‍സനോടു നീ നീതികാണിച്ചില്ല മലയാളസിനിമ!'
തങ്ങളേക്കാള്‍ കേമനായ ഒരു സംഗീതകാരനെ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടാല്‍ ഇളയരാജയും എ.ആര്‍. റഹ്‌മാനും ഏകസ്വരത്തില്‍ പറയുന്ന പേര് ജോണ്‍സന്റേതായിരിക്കും. ദേവരാജന്റെ കളരിയില്‍ ഇളയരാജ ജോണ്‍സന്റെ സഹയാത്രികനായിരുന്നു. എം.കെ. അര്‍ജുനന്റെ കളരിയില്‍ അന്നു ദിലീപായിരുന്ന എ.ആര്‍. റഹ്‌മാന്‍ ശിഷ്യസമനും.
പാട്ടിന്റെ പാട്ടായി ജോണ്‍സന്‍ ഇപ്പോഴും പാടുന്നു; മലയാളിമനസിലെ തേങ്ങലുകളെ, മോഹഭംഗങ്ങളെ, വിഭ്രമങ്ങളെ, സ്വപ്‌നങ്ങളെ, പ്രണയത്തുടിപ്പുകളെ, രാഗച്ചെപ്പുകളിലിണക്കി അവിരാമം പാടുന്നു. ഒഴുകിവരുന്ന കാറ്റ് കാതിലെത്തിക്കുന്ന മര്‍മരം പാട്ടിന്റേതാണ്. കാതോര്‍ക്കൂ... ആ കാറ്റില്‍ ആ ചുടുവീര്‍പ്പുകള്‍ ഇപ്പോഴും പാടുന്നു. കാലത്തിന്റെ അതിരുകളോളം മലയാളി ഹൃദയംകൊണ്ടു കൊതിക്കുന്ന
സ്‌നേഹരാഗം! സ്വസ്‌തി ജോണ്സന്!