ആരവം, തകര, ചാമരം ഈ സിനിമകളുടെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചാണ് മലയാള സിനിമാ വ്യവസായത്തില്‍ ജോണ്‍സണ്‍ ചുവടുറപ്പിക്കുന്നത്. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. പദ്മരാജന്റെയും ഭരതന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും ഹിറ്റായ ചിത്രങ്ങള്‍ക്കു പുറകില്‍ ജോണ്‍സണ്‍ സംഗീതത്തിന്റെ അപാരമായ ശക്തിചൈതന്യമുണ്ടായിരുന്നു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ത്തലോടാതെ കിരീടവും, കുന്നിമണിചെപ്പു തുറക്കാതെ പൊന്‍മുട്ടയിടുന്ന താറാവും പാലപ്പൂവിന്റെ മണമില്ലാതെ ഞാന്‍ ഗന്ധര്‍വനും രാജഹംസങ്ങള്‍ നീന്തിത്തുടിക്കാതെ ചമയത്തിന്റെ കടല്‍ത്തീരവും നമുക്കോര്‍ക്കാന്‍ കഴിയില്ല.
കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലിന്റെ പ്രാഥമികചര്‍ച്ചയില്‍ ലോഹിതദാസും സിബിമലയിലും ആദ്യം മുമ്പോട്ടുവച്ച ആവശ്യം ഇതായിരുന്നു. കണ്ണീര്‍പ്പൂവിന്റെ എന്ന പാട്ടിനോളം കിടപിടിക്കുന്ന വിഷാദാത്മകമായ ഒരു പാട്ടുവേണം. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കംവരെ ഈ പാട്ടിനെ അടിസ്ഥാനമാക്കിയാവും കഥ മുന്നേറുക. ജോണ്‍സണ്‍ മാഷ് ഒട്ടും താമസിച്ചില്ല. ഹാര്‍മ്മോറിയം എടുത്ത് ആദ്യം പാടിയത് ‘മധുരം ജീവാമൃതബിന്ദു’ എന്ന ഈണമായിരുന്നു. വരികള്‍ പിറക്കുന്നകതിനുമുമ്പേ ലോഹിതദാസ് പൊട്ടിക്കരഞ്ഞു.
കര്‍ണ്ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും നീണ്ടവര്‍ഷത്തെ പഠനത്തിന്റെ മേന്‍മയൊന്നും ജോണ്‍സണ്‍മാഷ് അവകാശപ്പെടാറില്ല. എന്നിട്ടും തിരക്കഥാകൃത്തും സംവിധായകനും ചിലപ്പോഴൊക്കെ സിനിമയും പ്രതീക്ഷിക്കുന്നതിനുമപ്പുറം ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പദ്മരാജനുമായുണ്ടായിരുന്ന ആത്മബന്ധം അദ്ദേഹത്തിനുവേണ്ടി ചെയ്ത സിനിമകളിലെല്ലാം പ്രതിഫലിക്കുന്നു. ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ റെക്കോര്‍ഡിംഗിനെക്കുറിച്ച് പത്മരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തിരക്കഥ വായിച്ച് സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കു മുന്‍പേ ആ ഗന്ധര്‍വസംഗീതം ജോണ്‍സണ്‍ ഹാര്‍മോണിയം മീട്ടിപ്പാടി. പാലപ്പൂവും ദേവാങ്കണങ്ങളുമൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നുവീണവയാണെന്ന് പുത്തന്‍ തലമുറക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ കഴിയുമോ.
ഏതു രാഗമെടുത്താലും അതില്‍ അദ്ദേഹം ഒരു സര്‍വകലാശാലയായിരുന്നു. ഏതു രീതിയില്‍ ചെയ്താലും ആവര്‍ത്തനം എവിടെയെങ്കിലും ആരോപിക്കാന്‍ കഴിയുന്ന ഒരു രാഗമാണ് ഹിന്ദോളം. സംവിധാകന്‍ ഭരതന്‍ ഹിന്ദോളത്തിന്റെ കടുത്ത ഒരു ആരാധകനും. ചമയം എന്ന ചിത്രത്തില്‍ ഹിന്ദോളത്തില്‍ ആരും ചെയ്തിട്ടില്ലാത്ത ഒരു പാട്ടുവേണമെന്ന് ഭരതന് നിര്‍ബന്ധം. ജോണ്‍സണ്‍ കുറെ നേരം ഒന്നും മിണ്ടിയില്ല. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാട്ടുകേള്‍ക്കാന്‍ ഭരതനെ വിളിച്ചു. ‘രാജഹംസമേ മിഴിനീര്‍….’ മാഷ് കണ്ണടച്ചിരുന്നു പാടുകയാണ്.. ഭരതന്റെ കണ്ണില്‍നിന്നും നിന്നും കണ്ണീര്‍ ധാരയായി ഒഴുകുന്നുണ്ട്. പല്ലവി തീര്‍ന്നപ്പോള്‍ ഭരതന്‍ പറഞ്ഞു. ഹിന്ദോളം വേണ്ട.. ഇതുമതി.. ജോണ്‍സണ്‍ മാഷ് പറഞ്ഞു. ‘ഇതു ഹിന്ദോളം തന്നെ’.. ഭരതന്‍ അമ്പരന്നുപോയി. എവിടെയുമില്ല ആവര്‍ത്തനം. പാശ്്ചാത്യസംഗീതത്തില്‍ അവഗാഹമുള്ള ജോണ്‍സണ്‍മാഷ് സ്‌കെയില്‍ സംവിധാനം ഉപയോഗിച്ചാണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്്.
മണ്ണിന്റെ മണമുള്ള പാട്ടുകള്‍ ജോണ്‍സണ്‍ മാഷോളം ചെയ്തിട്ടുള്ളവര്‍ ആരുമില്ല. ‘ കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കുന്ന’ ഒ എന്‍ വിയുടെ പെണ്‍മണിക്ക് ഇതിലും നല്ലൊരീണം സങ്കല്പിക്കാന്‍ പോലുമാവില്ല. നാടിന്റെ മണമുള്ള എത്രയോ പാട്ടുകള്‍. സത്യന്‍ അന്തിക്കാടി്‌ന്റെ സിനിമകളുടെ ജീവവായുവയിരുന്നു ആ സംഗീതം. പിന്നീടെപ്പോഴോ സത്യന്‍ അന്തിക്കാട് സിനിമകളില്‍ ജോണ്‍സണ്‍ മാഷെ കാണാതായി.
പാട്ടുകള്‍ സിനിമക്ക് ഒരു അനിവാര്യതയല്ല. എന്നാല്‍ പശ്ചാത്തലസംഗീതമില്ലാത്ത ഒരു സിനിമയെക്കുറിച്ച് ചിന്തിക്കാനാവുമോ? പശ്ചാത്തലസംഗീതത്തെ പാട്ടുകളെക്കാളും ഹിറ്റാക്കി മാറ്റിയ പ്രതിഭാശാലിയാണ് ജോണ്‍സണ്‍ . ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങില്‍ തന്റെ ഗുരുവായ ദേവരാജന്‍ മാഷിനെപ്പോലും ജോണ്‍സണ്‍ അതിശയിപ്പിച്ചു എന്നുപറഞ്ഞാലും തെറ്റാവില്ല. ജോണ്‍സണ്‍ മാഷിനൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം ഇന്നു സ്വതന്ത്ര സംഗീത സംവിധായകരാണ്. ജോണ്‍സണ്‍ പാശ്ചാതലസംഗീതം ചെയ്യുന്നത് കണ്ടിരിക്കാന്‍തന്നെ ഏഴഴകാണ് എന്നു ശിഷ്യന്‍ രാജാമണി പറയുന്നു. മണിച്ചിത്രത്താഴിന്റെ ഓഡിയോ മ്യൂട്ട് ചെയ്ത് ആ സീനുകള്‍ ഒന്നു കണ്ടുനോക്കൂ. സ്വരമണ്ഡല്‍ എന്ന ഉപകരണവും മൃദംഗവും വീണയും വയലിനും മാത്രമേ അതിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിചിട്ടുള്ളൂ. വീണ എന്ന ഉപകരണത്തെ ഇത്രയും മനോഹരമായി വിദഗ്ധമായി ഇതിനു മുമ്പും പിമ്പും ആരും പശ്ചാത്തലസംഗീതത്തില്‍ ഉപയോഗിച്ചിട്ടില്ല.
മലയാള സംഗീതത്തിലെ പുതുതലമുറയ്ക്ക് അനുകരണീയമായ ഒരു മാതൃകയാണദ്ദേഹം. പാശ്ചാത്യ സംഗീതത്തില്‍ അപാരമായ അവഗാഹമുണ്ടായിട്ടും തന്റെ പാട്ടുകളില്‍ മലയാള മണ്ണിന്റെ മണമുണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇല്‌ക്ട്രോണിക് ശബ്ദങ്ങളെ തന്റെ ഓര്‍ക്കസ്‌ട്രേഷനില്‍നിന്ന് അദ്ദേഹം പരമാവധി അകറ്റി നിര്‍ത്തി. ട്രെന്റ് സംഗീതംചെയ്യാന്‍ എനിക്കാവുകയില്ല എന്നല്ല എനിക്ക് സൗകര്യമില്ല എന്ന് പ്രഖ്യാപിച്ച് ധീരന്‍ . അവസരങ്ങള്‍ക്കു വേണ്ടി ഒരു സംവിധായകന്റെയോ ഗായകന്റെയോ തിണ്ണ നിരങ്ങാത്ത ഒരേയൊരു ചലച്ചിത്ര സംഗീത സംവിധായകന്‍ ഞാനായിരിക്കുമെന്ന്് ഒരഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ഒരുപക്ഷേ തന്റെ ഗുരു ദേവരാജനില്‍നിന്നും കിട്ടിയ വ്യക്തിത്വം.
ഇന്നു ‘ഹിറ്റുകള്‍ ‘ സൃഷ്ടിക്കുന്ന സംഗീതസംവിധായകരെക്കാള്‍ ഫാസ്റ്റ് പാട്ടുകള്‍ സൃഷ്ടിക്കാന്‍ ജോണ്‍സണ്് കഴിയുമായിരുന്നു. എന്നാല്‍ കട്ട് അന്‍ഡ് പേസ്റ്റ് സംഗീതത്തോട് അദ്ദേഹം പ്രതിപത്തി കാണിച്ചിരുന്നില്ല. ഇതുതന്നെയാവാം മലയാളത്തില്‍ അദ്ദേഹത്തിന് അവസരങ്ങള്‍ കുറഞ്ഞതും. ഫോക്ക്് സംഗീതത്തെ പാശ്ചാത്യ സംഗീതവുമയിച്ചേര്‍ത്ത് റഹ്മാന്‍ തമിഴില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നതിനു മുന്‍പേ ഈ രീതി മലയാളത്തില്‍ ജോണ്‍സണ്‍ വിജയകരമായി ആവിഷ്‌ക്കരിച്ചു കഴിഞ്ഞിരുന്നു.
ദേവരാജന്‍മാഷിനെപ്പോലെ സിനിമയില്‍നിന്നും സ്വയം അവധിയെടുത്ത് ജോണ്‍സണ്‍മാഷ് ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷനായി. തിരക്കഥാകൃത്തായിരുന്ന രഞ്ജന്‍ പ്രമോദുമായി നല്ല അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍ മാഷ്. താന്‍ ആദ്യം സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മാഷ് തന്നെ വേണമെന്ന് രഞ്ജന്‍ പ്രമോദിന് നിര്‍ബന്ധം. രാജാമണി ഉള്‍പ്പടെ മാഷ് എവിടെയുണ്ടെന്നാര്‍ക്കുമറിയില്ല. ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവില്‍ രഞ്ജന്‍ മാഷിനെ കണ്ടുപിടിച്ചു. അങ്ങനെ നീണ്ട ഇടവേളയ്ക്കുശേഷം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ജോണ്‍സണ്‍ മാഷ് ശക്തമായ തിരിച്ചുവരവ് നടത്തി. അവസരങ്ങള്‍ കുറഞ്ഞിട്ടല്ല, പൊരുത്തപ്പെടാന്‍ കഴിയാത്ത സംവിധായകരുമായി സിനിമ ചെയ്യുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എന്തുകൊണ്ടോ ഫോട്ടോഗ്രാഫറിനുശേഷം ജോണ്‍സണ്‍ മാഷ് അധികം സിനിമകള്‍ ചെയ്തില്ല. ഓര്‍മ്മ മാത്രം എന്ന മധു കൈതപ്രത്തിന്റെ സിനിമയ്ക്കു വേണ്ടിയാണ് ജോണ്‍സണ്‍ അവസാനം സംഗീതമൊരുക്കിയത്.
ഓരോ വാക്കുകള്‍ പോലും പെറുക്കിയെടുത്ത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായിട്ടും ജോണ്‍സണ്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിരുന്നില്ല. ഉത്തമന്‍ എന്ന സിനിമയിലെ ‘പാലാഴി തീരം കണ്ടു ഞാന്‍ ‘ എന്ന് ഗാനം ഒറ്റ ടേക്കില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. പുതുതലമുറയിലെ ‘പ്രതിഭകള്‍ ‘ ഈ പാട്ടുകേട്ട് അമ്പരന്നതില്‍ അത്ഭുതമില്ല.
സിനിമയില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ? കുശുമ്പുകളുണ്ടോ? കുതികാല്‍വെട്ടലുകള്‍ ഉണ്ടോ? സിനിമയുടെ മായികലോകം പുറമേ നോക്കിക്കാണുന്ന നമുക്ക് അതറിയില്ല. ഒരു കാര്യം തീര്‍ച്ച. ആ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും. ഒരുപാടീണങ്ങള്‍ ബാക്കിവച്ച്, അസൂയകളില്ലാത്ത, അവസരങ്ങള്‍ക്കുവേണ്ടി കടിപിടിയില്ലാത്ത, പദ്മരാജനും ഭരതനും ചേക്കേറിയ ഗന്ധര്‍വലോകത്തേക്ക്, ഒരു രാജഹംസമായി പറന്നുപോയ പ്രതിഭയുടെ സുവര്‍ണ്ണ സിംഹാസനം.