ത്യാഗരാജ യോഗ വൈഭവം വാഗേയകാരന്‍മാരായിരുന്ന ത്യാഗരാജസ്വാമിയും മുത്തുസ്വാമി ദീക്ഷിതരും മറ്റും സംഗീതത്തിലെന്ന പോലെ സാഹിത്യത്തിലും അതീവ പാണ്ഡിത്യമുള്ളവരായിരുന്നു. ഇപ്പോഴത്തെ സംഗീതജ്ഞരെയോ സാഹിത്യകാരന്മാരെയോ പോലെ പരസ്പരം അസൂയ വെച്ച്പുലര്‍ത്തുന്നവരായിരുന്നില്ല അവര്‍. പരസ്പരം അംഗീകരിക്കുന്നവരും ആദരിക്കുന്നവരുമായിരുന്നു. തന്നെയുമല്ല അവരുടെ ഭക്തി കേവലഭക്തിയല്ല, മറിച്ച് ഈശ്വരനിലുള്ള സമ്പൂര്‍ണ സമര്‍പ്പണമായിരുന്നെന്ന് അവരുടെ കൃതികളില്‍ നിന്നും ജീവിതത്തില്‍ നിന്നും വ്യക്തമാകും.
ത്യാഗരാജസ്വാമികളുടെ ‘എന്തരോ മഹാനുഭാവുലു’ എന്ന കൃതി കേരളത്തില്‍ വളരെ പ്രസിദ്ധമാണ്. മലയാളിയായ സംഗീതജ്ഞന്‍ ഷഡ്കാലഗോവിന്ദ മാരാര്‍ ആറുകാലത്തിലും അനായാസമായി പാടുന്നത് അത്ഭുതാദരവോടെ കേട്ടിരുന്ന ത്യാഗരാജന്‍ അദ്ദേഹത്തോടുള്ള ആദരവായും സംഗീതസിദ്ധിയില്‍ മതിമറന്നുമാണത്രെ ‘എന്തരോ മഹാനുഭാവുലു’ എന്ന കൃതി രചിച്ചതെന്നാണ് ചരിത്രം. സ്വാതിതിരുന്നാളിന്റെആഗ്രഹപ്രകാരം ത്യാഗരാജനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കാനായിരുന്നത്രെ ഗോവിന്ദമാരാര്‍ പ്രശസ്ത വയലിനിസ്റ്റായിരുന്ന വടിവേലുവുമൊത്ത് ത്യാഗരാജനെ കാണാനെത്തിയത്. എന്നാല്‍ അദ്ദേഹം ഇവിടേക്ക് വന്നിരുന്നില്ല. ഇതിന്റെവിഷമത്തില്‍ ഗോവിന്ദമാരാര്‍ പിന്നീട് കേരളത്തിലേക്ക് വന്നില്ലത്രെ.
ത്യാഗരാജനും ഒരു നൂറ്റാണ്ട് മുന്നേ ആന്ധ്രാ ദേശത്ത് ജീവിച്ചിരുന്ന ഭക്ത കവിയായ വാഗേയകാരനാണ് ഭദ്രാചലം രാമദാസ്. ഭദ്രാചലം പിന്നീടുണ്ടായ ആന്ധ്രാ സംസ്ഥാനത്തും വിഭജനത്തോടെ തെലങ്കാനയിലുമാണ്.
ഭദ്രാചലം ജില്ലയിലെ നലകൊണ്ടപ്പള്ളിയില്‍ 17 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമദാസ് ത്യാഗരാജനെപ്പോലെതന്നെ തികഞ്ഞ രാമഭക്തനായിരുന്നു. അദ്ദേഹത്തിന്റെനിരവധി കീര്‍ത്തനങ്ങള്‍ ഇവിടെയും പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ‘പലുകേ ബംഗാരമായേന’, ‘യേതീരുഗ നനു ദയ ജൂചെഡവു’ എന്നീ കീര്‍ത്തനങ്ങള്‍ ശങ്കരാഭരണം എന്ന ചിത്രത്തിനുവേണ്ടി വാണീജയറാം ആലപിച്ചിട്ടുണ്ട്. സുരേഷ് ഗോപി അഭിനയിച്ച ‘സിന്ദൂരരേഖ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെപ്രശസ്തമായ ‘പാഹിരാമപ്രഭോ’ എന്ന കീര്‍ത്തനം സംഗീതസംവിധായകന്‍ ശരത് പാടിയിട്ടുണ്ട്.
ഭദ്രാചലം എന്ന സ്ഥലത്തെ അക്കാലത്തെ തഹസില്‍ദാരായിരുന്നു രാമദാസ്. നികുതി പരിക്കുകയാണ് രാമദാസിന്റെഡ്യൂട്ടി. എന്നാല്‍ നികുതിപ്പിരിവിനുള്ള കണക്ക് പുസ്തകത്തിന്‍െറ ഒരുവശത്ത് കീര്‍ത്തനങ്ങളെഴുതുകയായിരുന്നു അദ്ദേഹത്തിന്റെവിനോദം. നികുതിപിരിവിന് പോകുന്ന വീടുകളില്‍ എഴുതിയ കീര്‍ത്തനങ്ങള്‍ പാടി കച്ചേരി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെരീതിയായിരുന്നത്രെ. നികുതി പിരച്ചു കിട്ടിയ പണം അദ്ദേഹം ഭദ്രാചലത്ത്് ഇന്നത്തെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം പുതുക്കിപ്പണിയുന്നതിന് ഉപയോഗിച്ചെന്നാണ് ചരിത്രം. അതിന് അദ്ദേഹം നീണ്ടകാലം ഗോല്‍കോണ്ട ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അവിടെക്കഴിയുമ്പോഴും അദ്ദേഹം കീര്‍ത്തനങ്ങര്‍ എഴുതിക്കൊണ്ടേയിരുന്നു.
തന്റെമുന്‍ഗാമിയായ സംഗീതജ്ഞനെ തന്റെകീര്‍ത്തനത്തിലൂടെ പ്രകീര്‍ത്തിക്കാന്‍ ത്യാഗരാജന്‍ മറന്നില്ല. അദേഹത്തിന്റെവളരെ പ്രശസ്തമായ ദേവഗാന്ധാരി രാഗത്തിലുള്ള ‘ക്ഷീരസാഗരശയന..’ എന്ന കീര്‍ത്തനത്തിലാണ് ഭദ്രാചലത്തെക്കുറിച്ച് പരാമര്‍ശമുള്ളത്്. യേശുദാസാണ് ഈ കീര്‍ത്തനം കേരളത്തില്‍ പാടി പ്രശസ്തമാക്കിയത്. ‘സോപാനം’ എന്ന ചിത്രത്തിനുവേണ്ടിയും അദ്ദേഹം ഇത് പാടിയിട്ടുണ്ട്. ഈ കീര്‍ത്തനത്തിന്റെചരണത്തില്‍ ‘ധീരുഡ രാമദാസു നിബന്ധമു ദീര്‍ച്ചിനിവിന്നാനുരാ’ എന്ന വരികളിലാണ് രാമദാസിനെ പ്രകീര്‍ത്തിക്കുന്നത്.
ത്യാഗരാജന്റെഎതാണ്ടതേ കാലത്ത് ജീവിച്ചിരുന്ന മഹാപണ്ഡിതനായ വാഗേയകാരന്‍ മുത്തുസ്വാമി ദീക്ഷിതര്‍ ത്യാഗരാജസ്വാമിയുടെ മഹത്വത്തെ വിവരിച്ചുകൊണ്ട് കീര്‍ത്തനം രചിച്ചിട്ടുണ്ട്. ‘ത്യാഗരാജായ നമസ്തേ..കാഠ്യാനീപതേ പശുപതേ’എന്നാണ് ബേഗഡ രാഗത്തിലുള്ള ഈ കീര്‍ത്തനം ആരംഭിക്കുന്നത്. ‘ത്യാഗരാജയോഗ വൈഭവം’എന്ന ഏറെ പ്രത്യേകതകളുള്ള മറ്റൊരു കൃതിയും ദീക്ഷിതര്‍ രചിചിട്ടുണ്ട്.
ത്യാഗരാജന്‍, ദീക്ഷിതര്‍, ശ്യാമാശാസ്ത്രികള്‍ എന്നീ ത്രിമൂര്‍ത്തികളെ ഉള്‍പ്പെടെ പാട്ടിപ്പുകഴ്ത്തുന്ന നിരവധി സിനിമാ-ലളിത-അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങള്‍ മലയാളത്തിലും നിരവധി രചയിതാക്കള്‍ എഴുതിയിട്ടുണ്ട്.