ശ്രീകുമാര്‍ മഞ്ജുവിനെക്കൊണ്ട് പറയിക്കും 'വിശ്വാസം...അതല്ലേ എല്ലാം'
മഞ്ജുവാര്യരെ നായികയാക്കി പരസ്യചിത്രം ചെയ്യുമ്പോള്‍ സംവിധായകന് വി.എ. ശ്രീകുമാറിന് എന്തെന്നില്ലാത്ത ആഹ്ളാദമാണ്. മലയാളസിനിമയിലെ പല പ്രഗത്ഭമതികളായ സംവിധായകര്‍ മഞ്ജുവാര്യരെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ശ്രീകുമാര്‍ മഞ്ജുവാര്യരോട് തന്റെ പുതിയ പരസ്യചിത്രത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചപ്പോള്‍ നിറഞ്ഞ മനസോടെ മഞ്ജു ഡേറ്റ് നല്‍കുകയായിരുന്നു.
മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം ശിഥിലമാവുകയും വേര്‍പിരിയാന്‍ പോവുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയും ചെയ്യുമ്പോഴാണ് മഞ്ജുവാര്യര്‍ അഭിനയരംഗത്തേക്കു തിരിച്ചുവരുന്നതിന് നാന്ദി കുറിക്കുന്ന പരസ്യചിത്രത്തിന് പ്രാധാന്യമേറുന്നത്. മഞ്ജുവാര്യരെ ക്യാമറയുടെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രീകുമാര്‍ നിരന്തരമായി ശ്രമിച്ചതിന്റെ വിജയം കൂടിയാണ് മഞ്ജുവാര്യരുടെ തിരിച്ചുവരവ്.
പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഞ്ജുവാര്യര്‍ ക്യാമറയുടെ മുന്നിലെത്തുന്നത്. വിശ്വാസത്തിന്റെ സുദൃഢമായ പിന്‍ബലത്തിന്റെ കഥ പറയുന്ന കല്യാണ്‍ ജ്വല്ലേഴ്സിന്റെ അഞ്ചാമത്തെ പരസ്യചിത്ത്രിലാണ് അമിതാബ് ബച്ചനോടൊപ്പം മഞ്ജുവാര്യര്‍ ക്യാമറയുടെ മുന്നില്‍ അഭിനേത്രിയാവുന്നത്.
മഞ്ജുവാര്യര്‍ ഡേറ്റ് നല്‍കിയതോടെ സംവിധായകന് വി.എന്‍. ശ്രീകുമാറിന് വിശ്രമമില്ലായിരുന്നു. മഞ്ജുവാര്യരുടെ വേറിട്ട ഭാവാഭിനയ മുഹൂര്‍ത്തങ്ങളാണ് ശ്രീകുമാറിന്റെ ചിന്തയില്‍ നിറഞ്ഞുനിന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തരംഗത്തേക്ക് വരുന്നതിന്റെ മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രാങ്കണത്തില്‍ നൃത്തമവതരിപ്പിച്ചതിനു ശേഷമുള്ള സമീപനാളുകളില്‍ പാലക്കാട് നഗരത്തിലെ പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവത്തില്‍ മഞ്ജുവാര്യരുടെ നൃത്തം അരങ്ങേറിയിരുന്നു. വി.എ. ശ്രീകുമാര്‍ സാരഥ്യമേകുന്ന നൃത്തസംഗീതോത്സവത്തില്‍ മഞ്ജുവാര്യര്‍ അരങ്ങിലെത്തിയ ആദ്യ പൊതു നൃത്തപരിപാടിയായിരുന്നു ഇത്. മഞ്ജുവാര്യര്‍ക്ക് ഇവിടെ നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്കിയതും ശ്രീകുമാറായിരുന്നു.
കഴിഞ്ഞ എട്ടുവര്‍ഷമായി പരസ്യചിത്രങ്ങളുടെ സംവിധാനത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വി.എ. ശ്രീകുമാര്‍ അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ഹിന്ദി സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. പാലക്കാട് പുത്തൂരില്‍ ധനലക്ഷ്മി ബാങ്കിന്റെ ചീഫ് മാനേജരായിരുന്ന സി.എ. മേനോന്റെയും രത്നവല്ലി മേനോന്റെയും മകനായ വി.എ. ശ്രീകുമാര്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍നിന്ന് ബി.കോമും ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജില്‍നിന്നും എം.കോമും പൂര്‍ത്തിയാക്കിയ ശേഷം സി.എ.യ്ക്ക് ചേരുകയായിരുന്നു. എന്നാല്‍ പഠിച്ച കാര്യങ്ങളേക്കാള്‍ പരസ്യരംഗത്തായിരുന്നു ശ്രീകുമാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
പാലക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് കളേഴ്സ് ഓള് വേള്‍ഡ് എന്ന സ്ഥാപനത്തിന് പിറവി നല്‍കിക്കൊണ്ടാണ് ശ്രീകുമാര്‍ പരസ്യരംഗത്തേക്ക് കടന്നുവന്നത്. ആട്, തേക്ക്, മാഞ്ചിയം കത്തിനിന്ന കാലത്ത് പാലക്കാട്ടെ എച്ച്.വൈ.എസ്. ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന്റെ പരസ്യങ്ങളാണ് ശ്രീകുമാര്‍ പത്രങ്ങള്‍ക്കു നല്‍കിയിരുന്നത്. ഒരുനാള്‍ ഇതൊരു വ്യാജ കമ്പനിയാണെന്നറിഞ്ഞ് പോലീസ് കമ്പനി അടച്ചുപൂട്ടി തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തതോടെ ശ്രീകുമാര്‍ മാനസികമായി തകര്‍ന്നുപോയി. പരസ്യ ഇനത്തില്‍ പത്രങ്ങള്‍ക്കു നല്‍കേണ്ട ലക്ഷങ്ങളുടെ ബാധ്യത ശ്രീകുമാറിന്റെ തലയിലായി. എല്ലാവരുടെയും ബാധ്യത തീര്‍ത്ത ശ്രീകുമാര്‍ പരസ്യചിത്രങ്ങളുടെ സംവിധാന ശാഖയിലേക്ക് ചുവടു മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങള്‍ക്കുവേണ്ടി പരസ്യചിത്രങ്ങളൊരുക്കുന്ന വിലപിടിപ്പുള്ള പരസ്യ സംവിധായകരിലൊരാളാണ് വി.എന്‍. ശ്രീകുമാര്‍.
മഞ്ജുവാര്യരും അമിതാഭ് ബച്ചനും അണിനിരക്കുന്ന പരസ്യചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലെ ലൊക്കേഷന്‍ നോക്കാന്‍ പോകുന്നതിനിടയിലാണ് വി.എന്‍. ശ്രീകുമാര്‍ പാലക്കാട്ടെ പുത്തൂരിലുള്ള വീട്ടിലെത്തിയത്.
? മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കിയുള്ള പരസ്യചിത്രത്തെക്കുറിച്ച്.
ഠ കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിശ്വാസം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള പരസ്യപരമ്പരയിലെ അഞ്ചാമത്തെ പരസ്യചിത്രത്തിലാണ് മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രമായി മഞ്ജുവാര്യര്‍ അഭിനയിക്കുന്നു. എല്ലാ ഭാഷകളിലുള്ള പരസ്യചിത്രങ്ങളിലും മഞ്ജുവാര്യരും അമിതാഭ് ബച്ചനുമുണ്ടാകും. തമിഴില്‍ പ്രഭുവും തെലുങ്കില്‍ നാഗാര്‍ജുനയും കന്നഡയില്‍ ശിവരാജ് കുമാറുമാണ് മഞ്ജുവിനോടൊപ്പം എത്തുന്നത്. ഗോവയിലാണ് ചിത്രീകരണം നടക്കുന്നത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരസ്യചിത്രത്തിന്റെ ചെലവ് ഒന്നരക്കോടി രൂപയാണ്.
? മഞ്ജുവിനും അമിതാഭ് ബച്ചനുമൊപ്പം എത്തുന്ന മലയാളത്തിലെ നടന് ആരാണ്.
ഠ മലയാളത്തില്‍ അമിതാഭ് ബച്ചനും മഞ്ജുവും മാത്രമാണുള്ളത്. മറ്റു ഭാഷയിലെത്തുമ്പോള്‍ സ്ക്രിപ്റ്റില്‍ ചെറിയൊരു ചെയ്ഞ്ചുണ്ട്. അതുകൊണ്ടാണ് മഞ്ജുവിന്റെയും അമിതാഭ് ബച്ചന്റെയും ഒപ്പം നാഗാര്‍ജുനയും പ്രഭുവും ശിവരാജ് കുമാറും എത്തുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
? മഞ്ജു വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വരുന്നതിനു പിന്നില്‍....
ഠ മഞ്ജുവാര്യര്‍ക്ക് അഭിനയരംഗത്തേക്ക് തിരിച്ചുവരാന്‍ താല്പര്യമുണ്ടെന്നറിഞ്ഞപ്പോള് സന്തോഷം തോന്നി. ശക്തമായ സ്ത്രീകഥാപാത്രത്തിന്റെ അഭിനയമുഹൂര്‍ത്തങ്ങളുള്ള സ്ക്രിപ്റ്റാണ് ഞാന്‍ തയാറാക്കിയിരുന്നത്. രണ്ടുതവണ ഞാന്‍ മഞ്ജുവാര്യരുമായി ചിത്രത്തിന്റെ ആശയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള റോളിന്റെ പ്രത്യേകതയറിഞ്ഞപ്പോള് മഞ്ജുവിന് സന്തോഷമായി. മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ മഹാനടനായ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച് ക്യാമറയുടെ മുന്നിലേക്ക് തിരിച്ചുവരുന്നതിന്റെ ആഹ്ളാദവും മഞ്ജുവാര്യര്‍ പങ്കുവച്ചിരുന്നു.
? മലയാളിക്ക് ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച മഞ്ജുവാര്യര്‍ പതിനാലുവര്ഷത്തെ ഇടവേളയ്ക്കു ശേഷം ശ്രീകുമാറിന്റെ സംവിധാനത്തില്‍ ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ എന്തു തോന്നുന്നു.
ഠ ശരിക്കും, ദൈവാനുഗ്രഹം തന്നെയാണ്. പിന്നെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ടി.എന്‍. പട്ടാഭിരാമന് സാമി പറഞ്ഞതുപോലെ മഞ്ജുവാര്യരെ മലയാളികള്‍ക്കു തിരികെ കിട്ടാന്‍ പോകുന്നുവെന്നതിന്റെ സന്തോഷമുണ്ട്. കഥ പറഞ്ഞപ്പോള്‍ മുതല്‍ മഞ്ജു വളരെ ഹാപ്പിയാണ്. മാത്രമല്ല സംവിധായകനെന്ന നിലയില്‍ വളരെ ടാലന്റുള്ള മഞ്ജുവാര്യരുടെ ഭാവാഭിനയതീവ്രത പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ശരിക്കും മഞ്ജുവിന്റെ വേറിട്ടൊണു മുഖമാണ് ഈ പരസ്യചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
? വിശ്വാസത്തെ ആധാരമാക്കിയുള്ള ശ്രീകുമാര്‍ തയാറാക്കിയ പരസ്യചിത്രങ്ങളുടെ വിജയത്തെക്കുറിച്ച്.
ഠ വിശ്വാസമെന്നത് പ്രധാന ഘടകംതന്നെയാണ്. ജ്വല്ലറി രംഗത്ത് വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള പരസ്യപരമ്പര ശ്രദ്ധേയമായിരുന്നു. ആദ്യത്തെ പരസ്യം ഒരു പെണ്‍കുട്ടി ഒളിച്ചോടാന്‍ തയാറെടുക്കുമ്പോള്‍ അച്ഛന്റെ വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നതായിരുന്നു. രണ്ടാമത്തേത് അമ്പതുവര്‍ഷത്തെ വിവാഹജീവിതത്തിലെ വിശ്വാസം, മൂന്നാമത്തേത് ഒരു പ്രോമിസ്, നാലാമത്തേത് വിശ്വാസമുണ്ടെങ്കില്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ വാക്കുകള്‍ ആവശ്യമില്ലെന്നതാണ്. ഈ പരസ്യങ്ങളെല്ലാം മറ്റ് ഭാഷകളിലെല്ലാം ഹിറ്റായിരുന്നു. മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമാവുന്ന അഞ്ചാമത്തെ പരസ്യചിത്രവും ജനങ്ങള്‍ നിറഞ്ഞമനസോടെ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
? പരസ്യചിത്ര സംവിധാനത്തിലേക്കുള്ള കടന്നുവരവ്.
ഠ തുടക്കത്തില്‍ ഒരുപാട് ആശയങ്ങള്‍ ഞാന്‍ നല്‍കിയിരുന്നു. ഒരിക്കല്‍ എന്റെ ആശയത്തെ മുന്‍നിര്‍ത്തിയുള്ള ചിത്രം സംവിധാനം ചെയ്തത് ഗൗതം മേനോനായിരുന്നു. ചില തിരക്കുകള്‍ മൂലം ഗൗതം മേനോന് ചിത്രം പൂര്‍ത്തീകരിക്കാനായില്ല. അങ്ങനെ ഞാനാണ് ആ പരസ്യചിത്രം പൂര്‍ത്തികരിച്ചത്. പിന്നെ സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാവുകയായിരുന്നു.
? അമിതാഭ് ബച്ചന് ഉള്‍പ്പെടെയുള്ള താരങ്ങളെ ക്യാമറയുടെ മുന്നില്‍ കഥാപാത്രങ്ങളായി അഭിനയിപ്പിക്കുമ്പോള്‍...
ഠ അമിതാഭ് ബച്ചന് സ്വന്തം മകനോടെന്നപോലുള്ള സ്നേഹമാണ് എനിക്കു നല്‍കാറുള്ളത്. വളരെ ലെജന്റായ ആക്ടറുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ യാതൊരു വിധ ടെന്‍ഷനുമില്ല. സ്ക്രിപ്റ്റും ഡയലോഗുമൊക്കെ ആദ്യം കൊടുക്കും. സ്ക്രിപ്റ്റില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പറയാറുണ്ട്. ചര്‍ച്ചയിലൂടെ സ്ക്രിപ്റ്റ് ശരിയാക്കാറുണ്ട്. സെറ്റില്‍ സംവിധായകന് മുന്‍ഗണന നല്‍കാനാണ് അമിതാഭ് ബച്ചന് ശ്രദ്ധിക്കാറുള്ളത്. ഞാന്‍ മനസില്‍ കാണുന്നതുപോലെ ഒറ്റടേക്കില്‍ അമിതാഭ് ബച്ചന് ഓക്കെയാക്കുന്നു. ഒരിക്കലും വീണ്ടുമൊരു ടേക്ക് എടുക്കേണ്ടി വന്നിട്ടില്ല. കാരണം സ്ക്രിപ്റ്റും ഡയലോഗും ആഴ്ന്നിറങ്ങി മനസിലാക്കിയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തെലുങ്കില്‍ 25 വര്‍ഷമായി സൂപ്പര്‍ സ്റ്റാറായി നിലകൊള്ളുന്ന നാഗാര്‍ജുനയും പ്രഭുവും ശിവരാജ് കുമാറും സഹോദരതുല്യമായ സ്നേഹമാണ് എനിക്കു നല്‍കാറുള്ളത്.
? പുതിയ പ്രോജക്ടുകള്‍...
ഠ അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി അഞ്ച് പരസ്യചിത്രങ്ങളും ഐശ്വര്യാ റായിയെ നായികയാക്കി എട്ട് പരസ്യചിത്രങ്ങളും ചെയ്യുന്നുണ്ട്. ഈ പരസ്യചിത്രങ്ങളുടെ ചിത്രീകരണം അടുത്തമാസം തുടങ്ങും. എ.വി.റ്റി. ചായ, ജംമ്പോട്ടന് തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളാണ് മറ്റൊരു പ്രോജക്ട്. ഈ വര്‍ഷം ഞാന്‍ നാല്പതോളം പ്രോജക്ടുകള്‍ ചെയ്യും.
? സിനിമ സംവിധാനം ചെയ്യുന്നുണ്ടോ...
ഠ അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ഹിന്ദി സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. സ്ക്രിപ്റ്റ് ഞാന്‍തന്നെ എഴുതുകയാണ്. സ്ക്രിപ്റ്റ് പൂര്‍ത്തിയായി വരുന്നു. ഒട്ടും വൈകാതെതന്നെ ഹിന്ദി സിനിമയുടെ ചിത്രീകരണം തുടങ്ങും.
? ശ്രീകുമാറിന്റെ കുടുംബം...
ഠ പാലക്കാട്ടെ പുത്തൂരിലാണ് താമസിക്കുന്നത്. ഭാര്യ ഷര്‍മ്മിള ഞാന്‍ നടത്തുന്ന പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സിലെ ഡയറക്ടറാണ്. മകള്‍ ലക്ഷ്മി പാലക്കാട് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്നു.