യുവതലമുറയില്‍ സൂപ്പര്‍ താരങ്ങള്ഉണ്ടാകുമോ? ആസിഫ് അലി
ആസിഫ് അലിക്ക് പ്രേക്ഷകരുടെ പള്‍സ് അറിയാം. നായകനായി മാത്രം ഒതുങ്ങിനില്ക്കാതെ ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങളുള്ള വില്ലന്‍ കഥാപാത്രങ്ങളെയാണ് ആസിഫ് അലി പ്രണയിക്കുന്നത്.
പൊതുവെ നിരവധി ഓഫറുകള്‍ വരാറുണ്ടെങ്കിലും പൂര്‍ണമായും സ്ക്രിപ്റ്റ് വായിച്ചതിനു ശേഷം ഇഷ്ടമായെങ്കില്‍ മാത്രമാണ് ആസിഫ് ഡേറ്റ് നല്‍കുന്നത്. തന്നെത്തേടിയെത്തുന്ന റോളുകളൊന്നും സ്വീകരിക്കാതെ ആസിഫ് അലി ഇപ്പോള്‍ സെലക്ടീവായിരിക്കുകയാണ്. മലയാളസിനിമയിലെ പതിവ് കീഴ്വഴക്കങ്ങളിലൊന്നും വീണുപോകാതെ തന്റേതായ അഭിനയദര്ശനങ്ങളുമായാണ് ആസിഫ് അലി മുന്നോട്ടുപോകുന്നത്.
എറണാകുളത്തെ ഫോര്‍ട്ട് കൊച്ചിയിലുള്ള ലില്ലി സ്ട്രീറ്റില്‍ ചിത്രീകരണം നടന്ന ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആസിഫ് അലിയെ കണ്ടത്.
? പുതിയ ചിത്രമായ ബൈസിക്കിള്‍ തീവ്സിലെ ആസിഫിന്റെ കഥാപാത്രത്തെക്കുറിച്ച്.
ഠ രസകരമായ കഥയാണിത്. സൈക്കിള്‍ മോഷ്ടാക്കളായ നാല് ചെറുപ്പക്കാരാണ് ഈ ചിത്രത്തിന്റെ ജീവന്. ഇതില്‍ കുഞ്ചാക്കോയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. ശരിക്കും നല്ലൊരു അനുഭവംതന്നെയാണ്. സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ രസകരമായൊരു സിനിമയായിരിക്കും ബൈസിക്കിള്‍ തീവ്സ്.
? യാത്രയുടെ കഥ പറയുന്ന 'പകിട'യിലെ കഥാപാത്രത്തെക്കുറിച്ച്.
ഠ പകിടയിലെ പ്രധാന ഘടകമെന്നത് സുഹൃത്തുക്കളുമൊത്തുള്ള യാത്രയുടെ കഥയാണ്. മനോഹരമായൊരു ട്രാവല്‍ സ്റ്റോറിയാണ്. കന്യാകുമാരി, രാമേശ്വരം, മധുര, ധനുഷ്കോടി ഉള്‍പ്പെടെയുള്ള ധാരാളം സ്ഥലങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ് പകിടയുടെ കഥ പുരോഗമിക്കുന്നത്. പകിടയിലെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞു.
? ആസിഫ് അലിക്ക് വ്യത്യസ്തതയുള്ള കഥാപാത്രങ്ങളൊന്നും ലഭിക്കുന്നില്ലല്ലോ.
ഠ സത്യം പറഞ്ഞാല്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും ഡിഫറന്റാണെന്ന് ഫീല്‍ ചെയ്യുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരുപാട് സംവിധായകര്‍ വിളിച്ച് കഥ പറയാറുണ്ട്. പക്ഷേ എനിക്ക് കഥയും കഥാപാത്രത്തെയും ഇഷ്ടമായെങ്കില്‍ മാത്രമേ ഡേറ്റ് നല്‍കുകയുള്ളൂ. പുതിയ കാലത്ത് സിനിമയുണ്ടാക്കുന്ന പുതിയ സംവിധായകരും നടന്മാരുമൊക്കെ ന്യൂ ജനറേഷന് സിനിമകളുമായി എത്തുന്നുണ്ട്. പക്ഷേ, പക്ഷേ ജീവിതഗന്ധിയായ കരുത്തുള്ള സ്ക്രിപ്റ്റാണ് വേണ്ടത്.
? ആസിഫ് സെലക്ടീവാകുകയാണോ...
ഠ പൊതുവേ ഞാന്‍ സെലക്ടീവാണ്. എന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളെയും ഞാന്‍ സ്വീകരിക്കാറില്ല. സീനിയര്‍ സംവിധായകരാണെങ്കിലും കഥ കേട്ട് ഇഷ്ടമായില്ലെങ്കില്‍ കഥ ഇഷ്ടമായില്ലെന്നും താല്പര്യമില്ലെന്നുമൊക്കെ പറയാറുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ അതെന്റെ സ്വാതന്ത്ര്യമാണ്. തുടക്കത്തില്‍ പറ്റില്ലെന്ന് തോന്നിയിട്ടും പറയാന്‍ പേടിയുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. കഥ ഇഷ്ടമായില്ലെങ്കില്‍ തുറന്നുപറയാറുണ്ട്.
? കഥ കേള്‍ക്കുമ്പോള്‍ ഗംഭീരമെന്ന് തോന്നുകയും ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ കഥാപാത്രത്തിന്റെ ഗ്രാഫ് താഴേയ്ക്കു വരുന്നതായും തോന്നിയിട്ടുണ്ടോ.
ഠ തീര്‍ച്ചയായും. ചിലപ്പോള്‍ സംവിധായകന് മുന്നിലിരുന്ന് കഥ പറയുമ്പോള്‍ നമ്മള് കഥാപാത്രത്തിന്റെ മനസിലൂടെ സഞ്ചരിക്കും. ഒരു എക്സാഗ്രറ്റ് ചെയ്യപ്പെട്ട അവസ്ഥ. പുതുമയുള്ള കഥാപാത്രമെന്നു കരുതി ക്യാമറയുടെ മുന്നിലെത്തി കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ഒന്നും തോന്നാറില്ല. ചിത്രം റിലീസ് ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ ചിത്രം മനസിലാകുന്നത്. കഥ പറയുമ്പോള്‍ സംവിധായകന് പ്രകടിപ്പിച്ച പ്രലോഭിപ്പിക്കുന്ന കാര്യങ്ങളൊന്നും ഉണ്ടായെന്നു വരില്ല. ട്രീറ്റ്മെന്റ് പരാജയപ്പെടുമ്പോള്‍ കഥാപാത്രത്തിന്റെ ഗ്രാഫും താഴേയ്ക്കായിരിക്കും.
? ആസിഫിനെപ്പോലുള്ള ധാരാളം ചെറുപ്പക്കാര്‍ മലയാളത്തിലേക്ക് കടന്നുവരുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഇനിയും ഉണ്ടാവുമോ...
ഠ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ എന്നു പറയുന്നത് ഒരാളേയുള്ളു. അത് രജനീകാന്താണ്. രജനീകാന്ത് നായകനെങ്കില്‍ പ്രേക്ഷകര്‍ക്ക് സംവിധായകന് ആരാണെന്നൊന്നും അറിയേണ്ടതില്ല. രജനീകാന്തിന്റെ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തും. അതാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍. ലാലേട്ടനും മമ്മുക്കയുമൊക്കെ ജനങ്ങളുടെ മനസിലെ താരങ്ങളാണ്. പുതിയ തലമുറയില്‍ ഇനി സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവുമോയെന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.
? തുടക്കം മുതല്ക്കേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ആസിഫിനെതിരായ ആരോപണം കൂടുതല്‍ ശക്തിപ്പെടുകയല്ലെ.
ഠ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയില്ല എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു സിനിമ തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിക്കുകയെന്നതാണ് പ്രധാന ദൗത്യം. അതല്ലാതെ ഒരു സെറ്റില്‍നിന്നും മറ്റൊരു സെറ്റിലേക്ക് നിരന്തരം പറന്നുനടക്കാനൊന്നും തീരെ താല്പര്യമില്ല.
? മൊബൈല്‍ ഉപയോഗിക്കാത്തത് ആസിഫിന്റെ ഡേറ്റിനു വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കില്ലെ...
ഠ ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാല്‍ കഥ കേള്‍ക്കാമല്ലോ. മാത്രമല്ല ഡേറ്റ് നല്‍കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനും കഴിയും. സാധാരണക്കാരനായി ജീവിക്കാനാണ് ആഗ്രഹം. ഞാന്‍ ലൊക്കേഷനില്‍ ഫോണ്‍ കൊണ്ടുപോകാറില്ല.
? സമ ജീവിതസഖിയായി കടന്നുവന്നതിന് ശേഷം ആസിഫിന്റെ ജീവിതത്തിലുണ്ടായ മാറ്റം...
ഠ സത്യം പറഞ്ഞാല്‍ ഇതേവരെ ഒരുതരം പ്ലാനിംഗില്ലാത്ത ജീവിതമായിരുന്നു എന്റേത്. സമ ഭാര്യയായി കടന്നുവന്നതോടെ ജീവിതത്തിന് ഒരുതരം അടുക്കും ചിട്ടയുമൊക്കെ ഉണ്ടായിട്ടുണ്ട്. രാവിലെ എഴുന്നേറ്റതും ചായ തരാന്‍ ഒരാളുണ്ടാവുന്നത് സുഖമുള്ള കാര്യംതന്നെയാണ്.
? ആസിഫിന്റെ അഭിനയത്തെ സമ എങ്ങനെയാണ് വിലയിരുത്താറുള്ളത്.
ഠ സമ ഒരുപാട് സിനിമകള്‍ കാണാറുണ്ട്. എന്റെ എല്ലാ സിനിമകളും ഇഷ്ടംതന്നെയാണ്. ഓര്‍ഡിനറിയിലെ എന്റെ ചില ഡയലോഗുകളൊക്കെ പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്.
? ഭാര്യയെ ലൊക്കേഷനിലേക്ക് കൊണ്ടുപോയിരുന്നോ.
ഠ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതും പകിടയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു. ഞങ്ങള്‍ ഒരുമിച്ചാണ് പകിടയുടെ സെറ്റില്‍ പോയത്. സിനിമയിലെ യാത്രയിലൊക്കെ എന്റെ കൂടെയുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാനാണെങ്കില്‍ ലൊക്കേഷനില്‍ നില്‍ക്കുന്നത് കുഴപ്പമില്ല. ഒന്നും ചെയ്യാനില്ലാതെ ഷൂട്ടിംഗ് കാണാന്‍ ലൊക്കേഷനില്‍ ചെലവഴിക്കുന്നത് ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയാണ്.
? കല്യാണത്തിനു മുമ്പ് പല നായികനടിമാരുമായും പ്രണയത്തിലാണെന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് ആസിഫ്. വിവാഹത്തിന് ശേഷം നായികനടിമാരുമായി അഭിനയിക്കുമ്പോള്‍ സമയുടെ പ്രതികരണം.
ഠ സിനിമയെന്തെന്ന് അറിയാത്ത പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഒരുപക്ഷേ കല്യാണത്തിനു മുമ്പേ പ്രശ്നമാവുമായിരുന്നു. എന്നാല്‍ എന്റെ നായികമാരായി അഭിനയിച്ചവരില്‍ മിക്കവരും സമയുടെ കൂടി സുഹൃത്തുക്കളായതോടെ യാതൊരു പ്രശ്നവും ഉണ്ടായില്ല. എല്ലാം സിനിമയിലെ ഗോസിപ്പുകളാണെന്നും സമയ്ക്കും തിരിച്ചറിയാമായിരുന്നു.
? ആസിഫിന്റെ മനസിലെ കഥാപാത്രം.
ഠ നന്മയുള്ള നായകന്മാരെയൊക്കെ ആളുകള്‍ കണ്ടു മടുത്തതാണ്. എനിക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. സാധാരണ അടിയും ഇടിയും കൊള്ളുന്ന വില്ലനല്ല. ക്രൂരത നിറഞ്ഞ വില്ലന്‍. അപൂര്വരാഗങ്ങളിലെയും ചാപ്പാ കുരിശിലെയും പോലുള്ള നെഗറ്റീവ് ക്യാരക്ടേഴ്സ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
? നായകയെന്ന ഇമേജിനെ ബാധിക്കില്ലെ...
ഠ ഇല്ല. ഇമേജ് എനിക്ക് പ്രശ്നമേയല്ല. മനസിനിണങ്ങിയ കഥാപാത്രങ്ങളെയാണ് ഞാനിഷ്ടപ്പെടുന്നത്.
? ആസിഫിന്റെ ഫാന്‍സുകാരെക്കുറിച്ച്...
ഠ കേരളത്തിലുടനീളം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ധനസഹായം, രക്തദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ആലപ്പുഴയില്‍ സ്ട്രോങ്ങാണ്.
? മലയാളത്തിലെ പല താരങ്ങളും പണം കൊടുത്ത് ഫാന്‍സുകാരെ നിലനിര്‍ത്തുന്നതുപോലെ ആസിഫ് അലിയുടെ പേരിലുള്ള ഫാന്‍സുകാര്‍ക്ക് പണം നല്‍കാറുണ്ടോ.
ഠ ഒരിക്കലുമില്ല. കേരളത്തില്‍ എന്റെ പേരില്‍ ധാരാളം ഫാന്‍സ് അസോസിയേഷന്റെ യുണിറ്റുകളുണ്ട്. എല്ലാവരും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. ഇന്നേവരെ ആരും തന്നെ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. ഓരോരുത്തരും അവരുടെ കൈയിലുള്ള പണം കൊണ്ടാണ് സേവനപ്രവര്ത്തനങ്ങളീല് സജീവമാകുന്നത്. ഫാന്‍സ് അസോസിയേഷന് രൂപീകരിക്കണമെന്ന ആവശ്യവുമായി എന്റെ മുന്നിലെത്തുന്നവരോട് ഞാന്‍ പറയാറുള്ളത് ജോലി ഉപേക്ഷിച്ച് എനിക്കുവേണ്ടി ഒരിക്കലും പ്രവര്‍ത്തിക്കരുതെന്നാണ്. ഇക്കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.
? ആസിഫിന്റെ പുതിയ ചിത്രങ്ങള്‍.
ഠ ബൈസിക്കിള്‍ തീവ്സ് കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കുന്നത് മോസാമിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലാണ്.